കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസവിഭാഗം എംഎ ഇക്കണോമിക്‌സ് ഒന്നാം വര്‍ഷ പരീക്ഷയില്‍ കൂട്ടത്തോല്‍വിക്കെതിരെ പാരലല്‍ കോളേജ് അസോസിയേഷന്‍ യൂണിവേഴ്‌സിറ്റി പടിക്കല്‍ പ്രതിഷേധ സംഗമം നടത്തി. എംഎ ഇക്കണോമിക്‌സ് ഒന്നാംവര്‍ഷ പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ 82 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 78 കുട്ടികളും പരാജയപ്പെട്ടു. കൂട്ടത്തോല്‍വിയുടെ ഗൗരവം കണക്കിലെടുത്ത് ഏതാനും കുട്ടികള്‍ യൂനിവേഴ്‌സിറ്റിയിലെത്തിയപ്പോള്‍ പരീക്ഷാവിഭാഗം ഉദ്യോഗസ്ഥരില്‍ നിന്നും തികച്ചും നിഷേധാത്മകമായ സമീപനമുണ്ടായതില്‍ പ്രതിഷേധിച്ചാണ് അസോസിയേഷന്‍ സംഗമം നടത്തിയത്. പരീക്ഷ കഴിഞ്ഞ് നല്ല വിജയമുണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഫലം കടുത്ത ആഘാതമാണുണ്ടാക്കിയത്. നല്ല വിജയപ്രതീക്ഷയുള്ള പേപ്പറുകളില്‍ കഷ്ടിച്ച് 20 മാര്‍ക്കില്‍ കുറവ് മാര്‍ക്കാണ് ഭൂരിഭാഗം പേപ്പറുകളിലും ലഭിച്ചിട്ടുള്ളത്. പേപ്പറുകള്‍ ഒരിക്കല്‍ക്കൂടി മൂല്യനിര്‍ണയം നടത്തി ഫലപ്രഖ്യാപനം നടത്താന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ തയ്യാറാകണമെന്ന് പ്രതിഷേധസംഗമം ആവശ്യപ്പെട്ടു. അസോസിയേഷന്‍ നേതാക്കളും കുട്ടികളും പങ്കെടുത്ത സംഗമം സംസ്ഥാന വൈസ് പ്രസിഡണ്ട് രാജേഷ് പാലങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.എന്‍.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി യു.നാരായണന്‍, ട്രഷറര്‍ ടി.വി.രവീന്ദ്രന്‍, കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വിജയന്‍ നമ്പ്യാര്‍, എം.വി.നിജിമോള്‍, ടി.എം.സെല്‍മ ഏഞ്ചല്‍, എ.പി.സാജിദ് എന്നിവര്‍ സംസാരിച്ചു.
















