കോതമംഗലം: കരിമ്പാനി വനത്തില്‍ കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കുറുപ്പംപടി കൊമ്പനാട് അരീക്കല്‍ പാങ്ങോട്ടില്‍ പി.കെ. വര്‍ഗീസാണ് (76) അറസ്റ്റിലായത്. കൂട്ടുപ്രതികളിലൊരാളായ ചെങ്കര കോമയില്‍ പോള്‍ (56) കഴിഞ്ഞ ആഴ്ച കുറുപ്പംപടി കോടതിയില്‍ കീഴടങ്ങിയിരുന്നു. വര്‍ഗീസിനെ കഴിഞ്ഞദിവസം കൊമ്പനാടുള്ള ഹാര്‍ഡ്—വെയര്‍ കടയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കരിമ്പാനി വനത്തിലെ മൂഞ്ഞഭാഗത്ത് കഴിഞ്ഞ ഡിസംബറിലായിരുന്നു നായാട്ട്. നായാട്ട് സംഘത്തിന് തോക്കും വെടിമരുന്നും പണവും മറ്റ് സഹായം എത്തിച്ചു കൊടുക്കുന്നത് വര്‍ഗീസാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
പ്രതിയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലേയ്‌ക്കും വിദേശത്തുള്ള മക്കള്‍ക്ക് എത്തിച്ചുകൊടുക്കാനുമായാണ് വെടിയിറച്ചി ശേഖരിയ്‌ക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. വിദേശികളടക്കം വന്‍കിടക്കാര്‍ക്ക് പ്രതിയുടെ റിസോര്‍ട്ടില്‍ നിന്ന് വെടിയിറച്ചി സുലഭമായി നല്‍കാറുണ്ടെന്ന് തെളിഞ്ഞു. പ്രതിക്ക് ലൈസന്‍സുള്ള രണ്ട് നാടന്‍തോക്കുണ്ട്. 2015-ല്‍ ആനവേട്ട കേസ് വിവാദമായതോടെ പ്രതി കരിമരുന്ന് തോക്ക് പോലീസില്‍ ഹാജരാക്കി. പിന്നീട് ലൈസന്‍സുള്ള തോട്ടതോക്കിന്റെ മറവില്‍ മറ്റൊരു തോട്ട തോക്കും സൂക്ഷിച്ചുവരുന്നുണ്ട്.
കാട്ടുപോത്തിന്റെ ഉണക്ക ഇറച്ചിക്ക് വിപണയില്‍ കിലോക്ക് 2500 രൂപയാണ് വില. കരിമ്പാനി വനത്തില്‍ കൊലപ്പെടുത്തിയ കാട്ടുപോത്തിന്റെ 75 കിലോ ഇറച്ചി ലഭിച്ചിരുന്നു. പ്രതിയെ കുറുപ്പംപടി കോടതി റിമാന്റ് ചെയ്തു.
















