തുറവൂര്‍: വിപണിയിലെത്തുന്ന മത്സ്യങ്ങളില്‍ വന്‍തോതില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി .ഭക്ഷ്യാ സുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന് സാഗര്‍ റാണി പരിശോധനയിലാണ് മത്സ്യങ്ങളില്‍ രാസവസ്തുക്കളുടെ ഉപയോഗം കണ്ടെത്തിയത്.
മത്സ്യഫെഡ്, ഫിഷറീസ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ്, അരൂര്‍, ചന്തിരൂര്‍, എരമല്ലൂര്‍, ചമ്മനാട്, കുത്തിയതോട്, തുറവൂര്‍, പൊന്നാംവെളി എന്നി മത്സ്യ മാര്‍ക്കറ്റിലെത്തുന്ന മത്സ്യങ്ങളുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തിയത്.ആദ്യപടിയായി അരൂര്‍ മുതല്‍ തോട്ടപ്പള്ളി വരെയുള്ള അറുപത് മാര്‍ക്കറ്റുകളില്‍ നിന്നായി കടല്‍, നാടന്‍, വിദേശയിനം മത്സ്യ സാമ്പിളുകള്‍ ശേഖരിച്ചും പരിശോധന നടത്തിയിരുന്നു.
അമോണിയ, സോഡിയം ബെന്‍സോയെറ്റ്, ഫോര്‍മാലിന്‍ തുടങ്ങിയ രാസവസ്തുക്കളാണ് മത്സ്യങ്ങളില്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. മല്‍സ്യം ചീഞ്ഞു പോകാതിരിക്കാനുള്ള ഐസ് ചെയ്യുന്നതിനോടൊപ്പം രാസവസ്തുക്കളും ചേര്‍ക്കുകയാണ്.ഇതില്‍ സോഡിയം ബെന്‍സോ യെറ്റിന്റെ ഉപയോഗം മനുഷ്യനില്‍ ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കും ഇടയാക്കുന്നു. മത്സ്യങ്ങള്‍ സംഭരിക്കുന്നയിടങ്ങളിലും മല്‍സ്യ വില്പന കേന്ദ്രങ്ങളിലും മത്സ്യങ്ങള്‍ ദിവസങ്ങളോളം കേടുകൂടാതിരിക്കാനുള്ള ശീതീകരണ സംവിധാനം ഒരുക്കുമ്പോഴും മുന്‍കാലങ്ങളില്‍ പേരിന് രാസവസ്തുക്കള്‍ ചേര്‍ക്കുമായിരുന്നു.
ഈ മത്സ്യം ഭക്ഷിക്കുമ്പോള്‍ രോഗബാധ വര്‍ധിക്കുന്നതായി ആരോഗ്യ വകുപ്പിന്റെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. മത്സ്യ മാര്‍ക്കറ്റുകളിലെ ശുചിത്വമില്ലായ്മയും രാസവസ്തുക്കളുടെ ഉപയോഗവും വൃത്തിഹീനമായ ശീതികരണവും മൂലം മത്സ്യങ്ങളില്‍ അമോണിയ, സോഡിയം സെന്‍സോ യെറ്റ്, ഫോര്‍മലിന്‍ തുടങ്ങിയവയുടെ അളവ് ക്രമാതീതമായി വര്ധിക്കുന്നതിനിടയാക്കിയിട്ടുണ്ട്. മത്സ്യങ്ങളില്‍ അമിതമായി രാസവസ്തു പ്രയോഗം നടത്തിയാല്‍ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യാ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്കി.
സുരക്ഷാ വിഭാഗത്തിന്റെ പരിശോധന ഇനിയും തുടരുമെന്ന് ഭക്ഷ്യാ സുരക്ഷാ വിഭാഗം അധികൃതര്‍ പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചേരുന്ന മത്സ്യങ്ങളിലാണ് രാസവസ്തു പ്രയോഗം കൂടുതലായി കാണുന്നതെന്നു അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: