തലശ്ശേരി: പ്രമാദമായ കൊട്ടിയൂര്‍ പീഢനക്കേസില്‍ മുഖ്യപ്രതിയായ വൈദികനെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ അന്വേണ സംഘം തിരയുന്ന കൂട്ടുപ്രതികള്‍ കീഴടങ്ങാനെത്തുന്നതും പ്രതീക്ഷിച്ച് ഇന്നലെ തലശ്ശേരി കോടതിയില്‍ മണിക്കൂറുകളോളം കാത്തിരുന്നവര്‍ നിരാശരായി. ഒന്നാം പ്രതിയായ വൈദികന്‍ റോബിന്‍ വടക്കാഞ്ചേരിയെ രക്ഷിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഏഴുപേരെയാണ് പോലീസ് പുതുതായി പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരുന്നത്. ഇവര്‍ ഏഴുപേരും ഒളിവിലാണുള്ളത്. ഒളി കേന്ദ്രത്തില്‍ നിന്ന് കോടതിയില്‍ കീഴടങ്ങാന്‍ എത്തുമെന്ന അഭ്യൂഹം പ്രചരിച്ചുതുടങ്ങിയതോടെ ഇന്നലെ രാവിലെമുതല്‍ തത്സമയം പ്രക്ഷേപണത്തിനുള്ള ഒ. ബി വാനടക്കം ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ കോടതി വളപ്പില്‍ തമ്പടിച്ചിരുന്നു. കോംമ്പൗണ്ടില്‍ പതിവില്ലാത്ത വിധം മാധ്യമ സംഘത്തെ കണ്ടതോടെ തൊട്ടുടുത്ത ദേശീയപാതയിലൂടെ കടന്നു പോകുന്നവര്‍ ഉള്‍പ്പെടെ ആള്‍ക്കൂട്ടവും എത്തി. ഇതിനിടയില്‍ നിജസ്ഥിതി അിറയാന്‍ മാധ്യമപ്രവര്‍ത്തകര്‍ ചിലരുമായി ബന്ധപ്പെട്ടതോടെ അഭ്യൂഹങ്ങള്‍ അസ്ഥാനത്താണെന്ന് സൂചന ലഭിച്ചു. ഇതോടെ രാവിലെതുടങ്ങിയ ആകാംഷയോടെയുള്ള കാത്തിരിപ്പ് മതിയാക്കി എല്ലാവരും ഉച്ചയോടെ തിരിച്ചു പോകുകയായിരുന്നു. ഇതിനിടെ കൊട്ടിയൂര്‍ പ്രതികളാക്കപ്പെട്ടവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതിനാല്‍ കൂത്തുപറമ്പ്, തലശ്ശേരി കോടതികളില്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുറ്റാരോപിതരില്‍പ്പെട്ട തങ്കമ്മ, നെല്ലിയാനി അടക്കം മൂന്നുപേര്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്ന് പറയപ്പെടുന്നു.
















