ഇരിട്ടി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പാതിരി പീഡിപ്പിച്ചതിനെത്തുടര്‍ന്നു പ്രസവിച്ച സംഭവത്തില്‍ പോലീസ് കേസെടുത്ത കൂട്ടുപ്രതികളെ ഇതുവരെ കണ്ടെത്താനായില്ല. ഇവര്‍ക്കുവേണ്ടി പോലീസ് തെരച്ചില്‍ നടത്തുന്നുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ പോലീസ് ഇവരെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നുണ്ടോ എന്ന സംശയവും ജനങ്ങളില്‍ ബലപ്പെടുകയാണ്.
പാതിരിയുടെ സഹായി കൊട്ടിയൂര്‍ സ്വദേശിനി തങ്കമ്മ നെല്ലിയാനി, വിദ്യാര്‍ഥിനി പ്രസവിച്ച കൂത്തുപറമ്പിലെ ക്രിസ്തുരാജ ആശുപത്രിയിലെ ഡോ.സിസ്റ്റര്‍ ടെസി ജോസ്, കുട്ടികളുടെ സ്‌പെഷ്യലിസ്റ്റ് ഡോ. ഹൈദരാലി, സിസ്റ്റര്‍ ആന്‍സി മാത്യു, വയനാട് തോണിച്ചാല്‍ ക്രിസ്തുദാസി കോണ്‍ വെന്റിലെ സിസ്റ്റര്‍ ലിസ് മരിയ, ഇരിട്ടി ക്രിസ്തുദാസി കോണ്‍ വെന്റിലെ സിസ്റ്റര്‍ അനീറ്റ വൈത്തിരി ഹോളി ഇന്‌ഫെന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ എന്നിവരെ പ്രതികളാക്കിയായിരുന്നു അന്വേഷണ സംഘം കേസെടുത്തിരുന്നത്. ഇന്നലെയും പോലീസ് ഇവര്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല എന്നാണ് പോലീസ് പറയുന്നത്. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചാലും ജാമ്യം ലഭിക്കില്ല എന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. പോലീസ് പിടികൂടുന്നതിന് മുന്നേ ഇവര്‍ കോടതിയില്‍ ഹാജരാവാനുള്ള സാഹചര്യവും പോലീസ് തള്ളിക്കളയുന്നില്ല എന്നത് കൊണ്ട് കോടതികളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട് എന്നറിയുന്നു.
ഇതേസമയം മാനന്തവാടി രൂപതയിലെ മറ്റൊരു വൈദികനെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ വൈദികനാണ് പ്രതിയായ വൈദികനെ കാനഡയിലേക്ക് പോകുവാനുള്ള വിമാന ടിക്കറ്റ് എടുത്തു നല്‍കിയതെന്നാണു പോലീസ് അനുമാനിക്കുന്നത്. തെളിവ് ലഭിക്കുന്ന പക്ഷം പോലീസ് ഇയാള്‍ക്കെതിരെയും കേസ്സെടുക്കും എന്നാണു വിവരം. ഇപ്പോള്‍ റിമാന്‍ഡിലുള്ള പ്രതി ഫാ. റോബിന്‍ വടക്കുംചേരിയെ തെളിവെടുപ്പിനായി വിട്ടുകിട്ടുന്നതിനായി കോടതിയില്‍ പോലീസ് ഇന്ന് അപേക്ഷ സമര്‍പ്പിക്കും എന്നാണു അറിയുന്നത്.
















