ഇരിട്ടി: കുന്നോത്ത് നിയന്ത്രണം വിട്ട കാറിടിച്ച് റോഡില്‍ വീണ മദ്ധ്യവയസ്‌കന്‍ തക്ക സമയത്ത് ചികിത്സകിട്ടാതെ മരിച്ചു. പെരുമ്പറമ്പ് കപ്പച്ചേരിയിലെ കൂലോത്ത് വളപ്പില്‍ പുരുഷോത്തമന്‍ (52) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ ഇരിട്ടി-കൂട്ടുപുഴ റോഡില്‍ കുന്നോത്ത് സ്‌കൂളിന് മുന്നില്‍ വെച്ചായിരുന്നു അപകടം. മകനെ സ്‌കോളര്‍ഷിപ്പ് പരീക്ഷ എഴുതാനായി കുന്നോത്ത് സ്‌കൂളിലെത്തിച്ചശഷം സ്‌കൂളിന് മുന്നില്‍ റോഡരികില്‍ നില്‍ക്കവേ മൈസൂര്‍ ഭാഗത്ത് നിന്നും അമിതവേഗതയിലെത്തിയ കാര്‍ സ്‌കൂളിന് മുന്നിലെ ബമ്പില്‍ കയറി നിയന്ത്രണംവിട്ട് പുരുഷോത്തമനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ പുരുഷോത്തമന്‍ അരമണിക്കൂറിലധികം റോഡില്‍ കിടന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. നാട്ടുകാരും ഇതുവഴി വാഹനത്തില്‍ പോകുന്നവരും മൊബൈലില്‍ ചിത്രം പകര്‍ത്തുകയല്ലാതെ ഇയാളെ രക്ഷിക്കാനുള്ള ശ്രമം നടത്തിയില്ലത്രെ. ഒടുവില്‍ ഇതുവഴി വന്ന ഒരു യുവാവ് പുരുഷോത്തമനെ ഇടിച്ചിട്ട വണ്ടിയില്‍ത്തന്നെ സുഹൃത്തിന്റെ സഹായത്തോടെ പരിക്കേറ്റയാളെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും പുരുഷോത്തമന്‍ മരിച്ചിരുന്നു. സ്വതവേ കണ്ണിനു കാഴ്‌ച്ചകുറവുള്ള വ്യക്തിയാണ് പുരുഷോത്തമന്‍.
പരേതരായ കൂലോത്ത് വളപ്പില്‍ കുഞ്ഞപ്പ-നാണി ദമ്പതികളുടെ മകനാണ്. ഭാര്യ : ഷീജ. മക്കള്‍: ശ്രീനന്ദു, നന്ദന. സഹോദരങ്ങള്‍: പത്മനാഭന്‍, അനന്തന്‍, ലക്ഷ്മി, രാജന്‍, യശോദ, കാര്‍ത്ത്യായനി. പരിയാരം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ഉച്ചയോടെ നാട്ടിലെത്തിച്ചു സംസ്‌കരിക്കും.
















