കണ്ണൂര്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചുവരുന്നതിന് കാരണം ശക്തമായ നിയമങ്ങളുടെ അഭാവമല്ല, മറിച്ച് അവ നടപ്പാക്കപ്പെടാത്തതാണെന്ന് കുടുംബ കോടതി ജില്ലാ ജഡ്ജി എന്‍.ആര്‍.കൃഷ്ണകുമാര്‍ അഭിപ്രായപ്പെട്ടു. അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പാരാലീഗല്‍ വളണ്ടിയര്‍മാര്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് നിലവിലുള്ള പോക്‌സോ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ കെല്‍പ്പുള്ളതാണ്. എന്നാല്‍ പലകാരണങ്ങളാല്‍ കുറ്റക്കാര്‍ നിയമത്തിനു മുമ്പില്‍ ഹാജരാക്കപ്പെടാത്ത അവസ്ഥ നിലനില്‍ക്കുന്നു. കുറ്റവാളികള്‍ രക്ഷപ്പെടാനിടയാവുന്ന ഈ സാഹചര്യമാണ് കൂടുതല്‍ ആളുകളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങളെക്കുറിച്ചും അത് ഉപയോഗിക്കേണ്ടതിനെക്കുറിച്ചുമുള്ള അവബോധം കൂടുതല്‍ ജനങ്ങളിലേക്ക് എത്തേണ്ടതുണ്ടെന്നും ഇത്തരം ശില്‍പശാലകള്‍ അതിന് സഹായകരമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അന്താരാഷ്‌ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് മാര്‍ച്ച് ഒന്നു മുതല്‍ എട്ടുവരെ ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് നിയമബോധവല്‍ക്കരണ ശില്‍പശാല നടന്നത്. ജില്ലാ ആസൂത്രണ സമിതി ഓഫീസ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ എല്‍.ഷീബ അധ്യക്ഷത വഹിച്ചു. ലോകം ഏറെ പുരോഗതി പ്രാപിച്ചിട്ടും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അധികരിച്ചുവരുന്നത് വിരോധാഭാസമാണെന്നും ഇതിനെ ചെറുക്കാന്‍ സ്ത്രീകള്‍ തന്നെ മുന്നോട്ടുവരണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. മാറുന്ന ലോകത്ത് സ്ത്രീകള്‍ മാറ്റത്തിനായി ധൈര്യപ്പെടൂ എന്നതാണ് ഇത്തവണത്തെ വനിതാദിന മുദ്രാവാക്യമെന്നും അവര്‍ പറഞ്ഞു.
കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് തടയല്‍ നിയമത്തെ (പോക്‌സോ ആക്റ്റ്) കുറിച്ച് സി.ഡബ്ല്യു.സി അംഗം പി.സി.വിജയരാജന്‍, തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ തടയല്‍ നിയമത്തെ (പോഷ് ആക്റ്റ്) കുറിച്ച് ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി.എ.ബിന്ദു എന്നിവര്‍ ക്ലാസ്സുകളെടുത്തു.
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച ശില്‍പശാലയില്‍ ജില്ലാ ഐ.സി.ഡി.എസ് സെല്‍ സീനിയര്‍ സൂപ്രണ്ട് കെ.പി.അസൈനാര്‍ സ്വാഗതവും ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് കെ രാജീവന്‍ നന്ദിയും പറഞ്ഞു.
















