പാനൂര്‍: പാനൂര്‍ ആശുപത്രിക്കു ബാധിച്ച മാരകരോഗം ആരു മാറ്റുമെന്നാണ് ഉയരുന്ന ആദ്യചോദ്യം. സാമൂഹിക ആരോഗ്യകേന്ദ്രമായി ഇതുവരെ പ്രവര്‍ത്തിച്ചു വന്ന ആശുപത്രി ഇപ്പോള്‍ താലൂക്ക് ആശുപത്രിയായി മാറിയത്രേ. ആശുപത്രി കെട്ടിടത്തിനായി ബസ് സ്റ്റാന്റ് ബൈപ്പാസ് റോഡില്‍ ഒരേക്കര്‍ 22സെന്റ് സ്ഥലം വാങ്ങാന്‍ തീരുമാനിച്ച്, പണം പിരിച്ചവരും പിരിച്ച പണവുമെവിടെ? ആശുപത്രി കെട്ടിടം പ്രവര്‍ത്തിക്കുന്ന സ്ഥലം പളളികമ്മറ്റി കയ്യേറിയിട്ടും മിണ്ടാത്ത ഭരണ-പ്രതിപക്ഷ രാഷ്‌ട്രീയ കൂട്ടുകെട്ടുകള്‍ ആരെയാണ് സംരക്ഷിക്കുന്നത്? ….ചോദ്യങ്ങള്‍ ഇങ്ങനെ ഒന്നിനു പിറകേ ഒന്നായി ഉയരുകയാണ്. എന്നാല്‍ ഇവക്കൊന്നും ഉത്തരങ്ങളില്ലെന്ന് മാത്രം.
1960ല്‍ യൂണൈറ്റഡ് ബാസല്‍ മിഷന്‍ സര്‍ക്കാറിനു കൈമാറിയ 36 സെന്റ് സ്ഥലത്താണ് ആശുപത്രി കെട്ടിടമുളളത്. ഇതില്‍ ആറ് സെന്റ് സ്ഥലം പളളികമ്മറ്റി കയ്യേറിയതായി കണ്ടെത്തിയിട്ടുണ്ട്. നജാത്തുല്‍ ഇസ്ലാം നേഴ്‌സറി സ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗവും രണ്ടു കടമുറികളും കയ്യേറിയ ഭൂമിയില്‍പ്പെടുന്നു. ആശുപത്രി കെട്ടിടത്തിന്റെ സ്ഥലം പളളി കമ്മറ്റിയുടെതാണെന്നും സര്‍ക്കാറിനു ദാനം നല്‍കിയതാണെന്നുമുളള അവകാശവാദമായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. എന്നാല്‍ രേഖകള്‍ പരിശോധിച്ചു നോക്കിയപ്പോഴാണ് ഇതിന്റെ സത്യാവസ്ഥ പുറംലോകമറിഞ്ഞത്. വിവരാവകാശ രേഖയില്‍ 1938 മുതല്‍ ഇങ്ങോട്ടുളള ബാധ്യത സര്‍ട്ടിഫിക്കറ്റ് ബാസല്‍ മിഷ്യല്‍ ചര്‍ച്ചിന്റെ പേരിലാണ് ഉളളത്. 1939ല്‍ മദ്രാസ് രജിസ്ട്രാഫീസില്‍ രജിസ്റ്റ്ര്‍ ചെയ്ത രേഖയും 1957ല്‍ ചര്‍ച്ചിന് കൈമാറിയതിന്റെയും തെളിവുകളും എല്ലാം പാനൂര്‍ രജിസ്ട്രാര്‍ ഓഫീസിലുണ്ട്. 2010വരെ ഈ സ്ഥലത്തിന് നികുതി അടച്ചിട്ടില്ല. കയ്യേറിയ ആറ് സെന്റ് സ്ഥലത്തിനു മാത്രം പളളിക്കമ്മറ്റി 2011 മുതല്‍ കളളരേഖയുണ്ടാക്കി നികുതി അടച്ചു വരുന്നുണ്ട്. പളളികമ്മറ്റി തലശേരി തഹസില്‍ദാര്‍ക്ക് നല്‍കിയ അപേക്ഷയില്‍ നികുതി അടയ്‌ക്കാന്‍ പളളികമ്മറ്റിക്ക് അനുവാദം നല്‍കാന്‍ പാനൂര്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിന്റെ പിന്നില്‍ ശക്തമായ രാഷ്‌ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് വ്യക്തം. ജനകീയവേദി സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ ഇ.മനീഷ് സംസ്ഥാന ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയും ഹൈക്കോടതി ജഡ്ജിയുമായ തോട്ടത്തില്‍ രാധാകൃഷ്ണനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയില്‍ കോടികള്‍ വിലവരുന്ന ആറ് സെന്റ് സ്ഥലം പളളികമ്മറ്റി കയ്യേറിയതായി കണ്ടെത്തിയിട്ടുണ്ട്. പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം തുടര്‍നടപടികള്‍ ഉണ്ടാകും. കയ്യേറ്റം കണ്ടെത്തിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രബല രാഷ്‌ട്രീയ കക്ഷികള്‍ മൗനത്തിന്റെ വാത്മീകത്തിലാണ്. ടൗണിലെ മിക്ക വ്യാപാരസ്ഥാപനങ്ങളും ഇതിനോടകം വഖഫ് ബോര്‍ഡിന്റെ കൈവശമാണ് ഉളളത്. സമാന രീതിയില്‍ കൈവശപ്പെടുത്തിയതാണോ എന്നെല്ലാം പരിശോധനാവിഷയമാകേണ്ടതുമാണ്. വഖഫ് ബോര്‍ഡിന്റെ അധീനതയിലാണ് കയ്യേറിയ സ്ഥലവുമുളളത്. തലശേരി മുന്‍സീഫ് കോടതിയില്‍ കയ്യേറ്റത്തിനെതിരെ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കോടതി രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കാന്‍ സാധിക്കില്ലെന്നും അതു വഖഫ് കോടതിയുടെ കീഴിലാണെന്നുമുളള ധിക്കാരപരമായ നീക്കമാണ് പളളികമ്മറ്റി കൈക്കൊണ്ടത്.
















