ഇരിട്ടി: വേനല്‍ കടുത്തതോടെ ജനങ്ങളിലും വനപാലകരിലും ആശങ്കയും ഭീതിയും പരത്തിക്കൊണ്ട് ജനവാസ കേന്ദ്രങ്ങളും വനാതിര്‍ത്തികളും പങ്കിടുന്ന തോട്ടം മേഖലകളില്‍ അടിക്കടി തീപ്പിടുത്തങ്ങള്‍ പതിവായി. ഇന്നലെ കേരള അതിര്‍ത്തി വനമേഖലക്ക് വന്‍ ഭീഷണി ഉയര്‍ത്തി എടപ്പുഴ വാളത്തോട് ഉണ്ടായ തീപിടുത്തം നാട്ടുകാരുടെയും വനപാലകരുടെയും അഗ്‌നിശമന സേനയുടെയും ശ്രമകരമായ ഇടപെടല്‍ മൂലം നിയന്തണവിധേയമാക്കി. നാലേക്കറോളം റബര്‍ തോട്ടം അഗ്‌നിക്കിരയായി. കൃഷിഭൂമിക്ക് അതിരിട്ട വനത്തിലേക്ക് തീ പടരാതിരിക്കാന്‍ നൂറോളം ആള്‍ക്കാര്‍ നടത്തിയ ശ്രമം വിജയിച്ചതിനാലാണ് ദുരന്തം ഒഴിവായത്. പേരാവൂര്‍ മുരിങ്ങോടിയിലെ അമൃതകൃപയില്‍ പ്രഭാകരന്‍, ആറളം വാക്കേറ്റത്തില്‍ റെന്നി എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് തീപിടുത്തമുണ്ടായ സ്ഥലം. അഞ്ചു വര്‍ഷം പ്രായമായ റബര്‍ മരങ്ങള്‍ ഉള്‍പ്പെടെയാണ് കത്തിനശിച്ചത്.
പശ്ചിമഘട്ടത്തിന്റെ ഭാഗമായ കണ്ണൂര്‍ വനം ഡിവിഷനിലെ ഇരിട്ടി സെക്ഷന്‍ പരിധിയില്‍ വനത്തോട് ചേര്‍ന്ന സ്വകാര്യ കൃഷിഭൂമിയില്‍ ഇന്നലെ പത്തോടെയാണ് തീപിടുത്തം ഉണ്ടായത്. ഉടന്‍തന്നെ നാട്ടുകാരും കൊട്ടിയൂര്‍ റേഞ്ചര്‍ വി.രതീശന്‍, ഫോറസ്റ്റര്‍മാരായ മനോഹരന്‍ കോട്ടാത്ത് (ഇരിട്ടി), എം.രാജന്‍ (കീഴ്പ്പള്ളി) എന്നിവരുടെ നേതൃത്വത്തില്‍ വനപാലകരും അസി. സ്‌റ്റേഷന്‍ ഓഫിസര്‍ ടി.മോഹനന്‍, ലീഡിങ് ഫയര്‍മാന്‍ ഫിലിപ്പ് മാത്യു, ഫയര്‍മാന്‍മാരായ കെ.വി.വിനീഷ്, പി.ആര്‍.സന്ദീപ്, പി.നവേത്, എന്‍.ജി.അശോകന്‍ എന്നിവരുടെ നേതൃത്വത്തില്‍ അഗ്‌നിശമന സേനാംഗങ്ങളും ചേര്‍ന്ന് ഒരേ സമയം തീ കെടുത്തുകയും വനത്തിലേക്ക് പടരാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസം കളിതട്ടുംപാറയില്‍ അതിര്‍ത്തിയിലെ റബര്‍ തോട്ടത്തിന് തീപിടിച്ച് രണ്ടര ഏക്കറോളം സ്ഥലം കത്തിനശിച്ചിരുന്നു. വനത്തിലേക്ക് പടരുന്നതിന് മുന്‍പെ തീ അണക്കാന്‍ സാധിച്ചു. ഒരാഴ്ച മുന്‍പ് ചതിരൂര്‍ നീലായ്‌മലയില്‍ ഏഴേക്കറോളം വനം കത്തിനശിച്ചിരുന്നു. അതിര്‍ത്തിയില്‍ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങളോട് വനംവകുപ്പ് അഭ്യര്‍ഥിച്ചു. കാട്ടുതീ പടര്‍ന്നാല്‍ പതിനായിരകണക്കിന് ഏക്കര്‍ വരുന്ന വനമേഖലക്കാകെ ഭീഷണി ഉയരുന്നതാണ്.
















