ആലപ്പുഴ: എംപി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങളുടെ വിനിയോഗത്തില്‍ ക്രമക്കേട് നടക്കുന്നതായി ആക്ഷേപമുയരുന്നു. എംപി ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുപയോഗിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശമുണ്ട്.
എന്നാല്‍ അധികൃതരുടെ ഒത്താശയോടെ ഇത് ലംഘിക്കപ്പെടുകയാണ്. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ വരുമാന ദായകമായ മറ്റു പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. എന്നാല്‍ എംപി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച വായനശാലാ കെട്ടിടങ്ങള്‍, വിവിധ ട്രസ്റ്റുകളുടെയും സൊസൈറ്റികളുടെയും കെട്ടിടങ്ങള്‍ എന്നിവ വാടകയ്ക്കു നല്കി വന്‍തുകയാണ് ഈടാക്കുന്നത്. ഇത് നിയമവിരുദ്ധമാണ്.
സൊസൈറ്റികള്‍ക്കും ട്രസ്റ്റുകള്‍ക്കും എംപി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചു നല്കുന്ന കെട്ടിടങ്ങള്‍ സര്‍ക്കാര്‍ സ്വത്തായിരിക്കുമെന്നും ഇവയുടെ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് സ്വന്തം ചെലവിലായിരിക്കണമെന്നുമാണ് കേന്ദ്ര നിര്‍ദ്ദേശം. കൂടാതെ വാടകയ്ക്കു നല്കി വരുമാനം നേടാനും പാടില്ല. ജനപ്രതിനിധികളെയും രാഷ്ട്രീയക്കാരെയും സ്വാധീനിച്ച് കെട്ടിട നിര്‍മ്മാണത്തിന് എംപി ഫണ്ട് വാങ്ങിയെടുക്കുകയും പിന്നീട് കെട്ടിടങ്ങള്‍ വാടകയ്ക്കു നല്കി നേട്ടമുണ്ടാക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
വായനശാലകളിലും മറ്റും എംപി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ഹാളുകള്‍ സെമിനാറുകള്‍ക്കും സമ്മേളനങ്ങള്‍ക്കും വാടകയ്ക്കു നല്‍കാറാണ് പതിവ്. അസോസിയേഷനുകളും മറ്റും എംപി ഫണ്ടിലൂടെ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ എടിഎം കൗണ്ടറുകള്‍ സ്ഥാപിക്കുന്നതിന് വാടകയ്ക്കു നല്കി അനധികൃതമായി പണം ഈടാക്കുന്നത് വിവാദമായിക്കഴിഞ്ഞു. പൊതുജനങ്ങളുടെ പണം ഇത്തരത്തില്‍ ധൂര്‍ത്തടിക്കുന്നതിനെതിരെ നടപടി വേണമെന്നും ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: