അഞ്ചല്‍: വ്യക്തിസ്വാതന്ത്ര്യം അന്യന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാകരുതെന്നും വ്യക്തിയെക്കാള്‍ രാഷ്ട്രത്തിന് പ്രാധാന്യം നല്‍കണമെന്നും ചടയമംഗലം ജ്ഞാനാനന്ദാശ്രമ മഠാധിപതി സ്വാമി ദയാനന്ദസരസ്വതി. അഞ്ചലില്‍ ഏകീകൃത സിവില്‍കോഡിനെക്കുറിച്ച് ഹിന്ദുഐക്യവേദി സംഘടിപ്പിച്ച വിചാരസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈവിധ്യത്തെ അംഗീകരിച്ചുകൊണ്ട് തന്നെ ഏകതയുടെ മാര്‍ഗം തേടുന്നതായിരുന്നു പാരമ്പര്യം. നമ്മുടെ സാമൂഹ്യപ്രവര്‍ത്തനത്തിന്റെ അടിത്തറ തന്നെ ഏകതയുടേയും സമരസതയുടെതുമായിരുന്നു. പുരാണത്തിലെ ശിവകുടുംബത്തിലെ വാഹനങ്ങളുടെ വൈരുധ്യം ഇല്ലാതായി ഒന്നായി ചേരുന്നതുപോലെ വൈരം വെടിഞ്ഞ് സമാജം ഒന്നായി ചേരണം. സഹവര്‍ത്തിത്വത്തിലൂടെ കുടുംബം, സമൂഹം, രാഷ്ട്രം എന്നിവ നിലനില്‍ക്കണം. ആത്യന്തികമായ നന്മയാണ് ലക്ഷ്യമാക്കേണ്ടത്. ഒരു മതത്തിനും പ്രത്യേക സംസ്കാരം ഇല്ല. അതാത് രാഷ്ട്രത്തിന്റെ സംസ്കാരമാണ്. അതുള്‍ക്കൊള്ളാന്‍ ഏവരും തയ്യാറാകുകയാണ് വേണ്ടത് സാമി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ശശിധരന് അദ്ധ്യക്ഷനായിരുന്നു. അഭിഭാഷക പരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ.ആര്.രാജേന്ദ്രന്, എം.എ.റഹീം, ഫാ.എബ്രഹാം ജോസഫ്, മഞ്ഞപ്പാറ സുരേഷ്, എം.കെ.അജയന്, സി.മോഹന്‍ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: