കുന്നംകുളം:രാജസ്ഥാനിലെ റെയില്‍വേ പാളത്തില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ വെളിപ്പെടുത്തല്‍. കടങ്ങോട് മണ്ടംപറമ്പ് സ്വദേശി കോഴിക്കാട്ടില്‍ വിജയന് നായരുടെ മകനും രാജസ്ഥാന് പ്രിസര്‍വ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയിലെ എഞ്ചിനീയറുമായ വൈശാഖിന്റെ മൃതദേഹമാണ് കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ രാജസ്ഥാനിലെ ബര്‍മര്‍ റെയില്‍വേ സ്റ്റേഷനു സമീപം പാളത്തില്‍ കണ്ടെത്തിയത്.
മരണം അത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസ് കേസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുകയായിരുന്നു. ആ സമയത്താണ് മരണം കൊലപാതകമാണന്ന പോസ്റ്റ്മോര്‍ട്ടം നടത്തിയ രാജസ്ഥാന് മെഡിക്കല്‍ ബോര്‍ഡംഗം ഡോക്ടര്‍ സുരേന്ദ്രകുമാര്‍ ബഹാരിയുടെ നിര്‍ണ്ണായകമായ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.രാജസ്ഥാന് പത്രിക എന്ന ഓണ്‍ലൈന്‍ മാധ്യമത്തിലാണ് ഡോക്ടര്സുരേന്ദ്രകുമാര് ബഹാരി വൈശാഖിനെ കൊലപ്പെടുത്തിയ ശേഷം ട്രാക്കില്‍ തള്ളുകയായിരുന്നുവെന്ന് പറയുന്നത്. വൈശാഖിന്റെ ശരീരത്തില്‍ ആയുധം ഉപയോഗിച്ച് വെട്ടിയതിന്റെ മുറിവുകളും വിവിധ ഭാഗങ്ങളില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളും ഉണ്ട്.ഇതിനു പുറമെ നാക്ക് പുറത്തേക്ക് തള്ളിയ അവസ്ഥയിലുമാണ്.
മരണം സംഭവിച്ച് 3 മണിക്കൂറിന് ശേഷമാണ് ശരീരത്തില്‍ ട്രെയിന്‍ തട്ടിയ അടയാളങ്ങളുള്ളത്.അതിനാല്‍ കൊലപ്പെടുത്തിയതിനു ശേഷം റെയില്‍വെ പാളത്തില്‍ മൃതശരീരം കൊണ്ടു വന്നിടുകയായിരുന്നുവെന്നും ഡോക്ടര്‍ സുരേന്ദ്രകുമാര്‍ ബഹാരി ചാനലിലൂടെ വെളിപ്പെടുത്തി.ഇതിന്റെ അടിസ്ഥാനത്തില്‍ രാജസ്ഥാന് പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: