തൃശ്ശൂര്‍: അന്തര്‍സംസ്ഥാന വാഹനമോഷ്ടാവ് ഇടുക്കി കമ്പംമേട്ട് പുളിക്കപടികയില് വീട്ടില്‍ റോഷന് ആന്റണി(ഫെരാരി റോഷന്,20) അറസ്റ്റില്‍. കഴിഞ്ഞ പത്തിന് മണ്ണുത്തി തോട്ടപ്പടിയില്നിന്നും ഡേവിസ് എന്നയാളുടെ ബുള്ളറ്റ് മോഷണംപോയതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 20ഓളം മോഷണകേസുകളില്‍ പ്രതിയായ റോഷനെ പിടികൂടിയത്. പെരുമ്പാവൂരിലെ കടുവാളില്‍ നിന്നും മോഷ്്ടിച്ച ബുള്ളറ്റില്‍ കറങ്ങുന്നതിനിടെയാണ് പ്രതി സിറ്റി പൊലീസിന്റെ പിടിയിലായത്.
ജില്ലയിലെ ഗുരുവായൂര്‍, വിയ്യൂര്‍, പുതുക്കാട് സ്റ്റേഷനുകളിലും പാലക്കാട്ടെ മങ്കര, എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്, കളമശേരി, പെരുമ്പാവൂര്‍, കോട്ടയം വെസ്റ്റ് ഏറ്റുമാനൂര്‍, പാല, ഇടുക്കി കുമളി സ്റ്റേഷന് എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരേ കേസുകളുണ്ട്. പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് പൊലീസ് പിടിയിലായ ഇയാള്‍ രാമവര്‍മപുരം, കോട്ടയം ജുവനൈല്‍ ഹോമുകളില്‍നിന്ന് മൂന്നുതവണ അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടിട്ടുണ്ട്.
എട്ടാംവയസില്തന്നെ ലോറികള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും ഓടിക്കാന്‍ പഠിച്ച റോഷന് അതിവേഗത്തിലും കൃത്യതയിലും ഏതു വാഹനവും നിഷ്പ്രയാസം കൈകാര്യം ചെയ്യുന്നതിനാല്‍ ഫെരാരി റോഷന് എന്നറിയപ്പെട്ടു. സാഹസികതയ്ക്കായി 13 ാം വയസില്‍ വാഹനമോഷണം ആരംഭിച്ചു. കോട്ടയം, ഏറ്റുമാനൂര്‍, കളമശേരി, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ അഞ്ചു ലോറികള്‍ അന്ന് മോഷണംനടത്തി. ശിക്ഷകഴിഞ്ഞ് ജുവനൈല്‍ ഹോമില്‍നിന്നും ഇറങ്ങിയശേഷം ലോറികളും ബൈക്കുകളും മോഷണം നടത്തിയതിന് വീണ്ടും പിടിയിലായി. രാമവര്‍മപുരം ജുവനൈല്‍ ഹോമില്‍ കഴിയുന്നതിനിടെ നാല് കുട്ടിക്കുറ്റവാളികളുമായി തമിഴ്നാട്ടിലേക്കു രക്ഷപ്പെടുകയും രണ്ടുമാസത്തിനുശേഷം പിടിയിലാകുകയും ചെയ്തു. 2015ല്‍ ജുവനൈല്‍ ഹോമില്‍നിന്നും ഇറങ്ങിയശേഷം ഇപ്പോഴാണ് വീണ്ടും മോഷണകേസുകളില്‍ പിടിയിലാകുന്നത്.
മോഷണശേഷം രജിസ്റ്റര്‍ നമ്പര്‍ മാറ്റി ഉപയോഗിക്കുകയും വാഹനങ്ങള്‍ വില്‍ക്കുകയുമാണ് പതിവ്. എത്ര ആധുനിക സെക്യൂരിറ്റി സംവിധാനങ്ങളുണ്ടായാലൂം നിമിഷനേരംകൊണ്ട് ലോക്ക് തകര്‍ത്ത് വാഹനം മോഷ്്ടിക്കുന്നതിലും വിദഗ്ധനാണ്. കവര്‍ന്ന ജീപ്പുകളും ഓട്ടോറിക്ഷയും മറ്റും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പോലീസ് കണ്ടെടുത്തു. ആഢംബര ബൈക്കുകളും ബുള്ളറ്റുകളും തമിഴ്നാട്ടിലെയും കേരളത്തിലെയും വിവിധ സ്ഥലങ്ങളില്‍നിന്നും പോലീസ് കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: