വടക്കാഞ്ചേരി: ഉത്രാളിക്കാവില്‍ നാദതാള വിസ്മയവുമായി ദേശങ്ങളുടെ പൂരങ്ങള്‍ സംഗമിച്ചു. കത്തുന്ന വെയിലിനെ അവഗണിച്ച് ഉത്സവചന്തം ആസ്വദിക്കാന്‍ ആയിരങ്ങളെത്തി. പൂരം പകല്‍വെടിക്കെട്ട് ഒഴിവാക്കി. മേളവും കുടമാറ്റവും കൂട്ടിഎഴുന്നള്ളിപ്പും ഭഗവതിപൂരവും കൂടുതല്‍ സമയവും ഉണ്ടായിരുന്നതാണ് പൂരചടങ്ങുകളില് വന്നമാറ്റം. മൂന്നുദേശങ്ങളും വെടിക്കെട്ട് ബുധന്‍ പുലര്‍ച്ചെ 4.45ന് തുടക്കം കുറിക്കും. എങ്കക്കാട് വിഭാഗത്തിന്റെ പഞ്ചവാദ്യത്തോടെയുള്ള എഴുന്നള്ളിപ്പ് 11.30ന് ആരംഭിച്ചതോടെ പൂരംചടങ്ങുകള്ക്ക് ആരംഭമായി. 12ന് കുമരനെല്ലൂര്‍ ദേശം കുറുവണ്ണക്ഷേത്രപരിസരത്തുനിന്ന് ഉത്രാളിക്കാവിലേക്ക് ഗജഘോഷയാത്ര നടത്തി. 12ന് വടക്കാഞ്ചേരി വിഭാഗം കരുമരക്കാട് ശിവക്ഷേത്രത്തില്‍ നടപ്പുര പഞ്ചവാദ്യത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. ഉത്രാളിക്കാവ് 11.45ഓടെ എങ്കക്കാട് ദേശം എഴുന്നള്ളിപ്പ് പൂര്‍ത്തിയാക്കി.
തുടര്‍ന്ന് കുമരനെല്ലൂരിന്റെ പഞ്ചവാദ്യം ക്ഷേത്രത്തില്‍ തുടങ്ങി 4.15ന് അവസാനിച്ചു. വടക്കാഞ്ചേരി പൂരം എഴുന്നള്ളിപ്പ് ശിവക്ഷേത്രത്തില്‍ നിന്നും എഴുന്നള്ളിച്ച് സംസ്ഥാനപാതയിലൂടെ ഉത്രാളിക്കാവിന് മുന്‍വശത്തെത്തി. വൈകീട്ട് 4ന് കുമരനെല്ലൂര്‍ വിഭാഗം എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ നിന്നും പുറത്ത് കടന്നതോടെ നൂറില്‍പ്പരം കലാകാരന്മാര് അണിനിരന്ന പാണ്ടിമേളം അരങ്ങേറി. കിഴക്കൂട്ട് അനിയന്മാരാരുടേയും പൈങ്കുളം പ്രഭാകരന് നായരുടേയും നേതൃത്വത്തില്‍ നടന്ന മേളം പൂരപ്രേമികള്‍ക്ക് നാദവിസ്മയമായി. ഇതേസമയം കൂട്ടിയെഴുന്നള്ളിപ്പിന് മുന്നോടിയായുള്ള ദേശങ്ങള്‍ തിരിഞ്ഞുള്ള എഴുന്നള്ളിപ്പ് മൂന്ന് ദേശങ്ങളും ആരംഭിച്ചിരുന്നു. വൈകുന്നേരം 6ന് കൂട്ടിഎഴുന്നള്ളിപ്പ് നടന്നു. രാത്രി 8ന് വടക്കാഞ്ചേരി വിഭാഗം ടൗണിലെ ശിവക്ഷേത്ര നൃത്തമണ്ഡപത്തില് കേളി, തായമ്പക എന്നിവയും ഭക്തിഗാനജപലഹരിയും അവതരിപ്പിച്ചു. രാത്രി എഴുന്നള്ളിപ്പുകള്‍ക്ക് ശേഷം പാണ്ടിമേളം, കൂട്ടിഎഴുന്നള്ളിപ്പ് എന്നിവ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: