കത്തുപറമ്പ്: മാങ്ങാട്ടിടം കരിയിലെ പുതിയപുരയില്‍ രാജന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് വീടിന് മുന്നൂറ് മീറ്റര്‍ മാറി രാജനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ രാജനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് പോലീസ് രാജന്റെ അടുത്ത ബന്ധുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ഇവരില്‍ ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാമന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് വെച്ചല്ല കൊലപാതകം നടന്നതെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കൊലപാതകം നടന്ന സ്ഥലത്തെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏതാനും പേരെ കസ്റ്റഡിയിലെടുത്തതും. കസ്റ്റഡിയിലെടുത്ത പ്രതികളിലൊരാളുടെ നെഞ്ചത്ത് നഖം കൊണ്ട് മാന്തിയ മുറിവ് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ കൊതുകു കടിച്ച് മാന്തിയപ്പോഴുണ്ടായ മുറിവാണിതെന്നാണ് ഇയാള്‍ പോലീസന് നല്കിയ വശദീകരണം. തനിക്ക് അടുത്ത ബന്ധുക്കളില്‍ നിന്ന് ജീവന് ഭീഷണിയുള്ളതായി രാജന് നേരത്തെ ചിലര്‍ക്ക് സൂചന നല്‍കിയതായി പോലീസിന് വിവരം ലഭിച്ചിട്ടണ്ട്. കസ്റ്റഡിയിലുള്ളവര്‍ നല്കുന്ന പരസ്പര വിരുദ്ധമായ വിശദീകരണങ്ങളാണ് പോലീസിനെ കുഴക്കുന്നത്. വ്യക്തമായ തെളിവ് ലഭിക്കാത്തതാണ് അറസ്റ്റ് വൈകുന്നതിന് പിന്നിലെന്ന് പോലീസ് വിശദീകരിക്കുമ്പോഴും ബോധപൂര്‍വ്വം നടപടികള്‍ വൈകിപ്പിക്കുകയാണെന്ന ആക്ഷേപം നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: