തകഴി: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പരീക്ഷണ പമ്പിങില്‍ വന്‍ ചോര്‍ച്ച. പൈപ്പില്‍ നിന്നും ഉയര്‍ന്നുപൊങ്ങിയ വെളളം പരിസരവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് കരുമാടിയിലെ പ്ലാന്റില്‍ നിന്ന് പരീക്ഷണ പമ്പിങ് ആരംഭിച്ചത്.
പ്ലാന്റിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ആലപ്പുഴയ്ക്ക് പോകുന്ന കൂറ്റന്‍ പൈപ്പാണ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പൊട്ടിയത്. ഇതേതുടര്‍ന്ന് സമീപത്തെ തെങ്ങുകളുടെ മുകള്‍ ഭാഗം വരെ ഉയര്‍ന്നുപൊങ്ങിയ വെള്ളം സമീപവാസികളെ പരിഭ്രാന്തിയിലാഴ്ത്തി.
മതിയായ സുരക്ഷാ മുന്‍കരുതല്‍ ഇല്ലാതെയാണ് പമ്പിങ് ആരംഭിച്ചത്. പാടത്തിന്റെ മദ്ധ്യഭാഗത്തു കൂടി കടന്നു പോകുന്ന പൈപ്പിലാണ് ചോര്‍ച്ചയുണ്ടായത്. എന്നാല്‍ റോഡിനു വശങ്ങളിലൂടെ പോയ പൈപ്പിനാണ് ചോര്‍ച്ച ഉണ്ടായിരുന്നതെങ്കില്‍ വന്‍ദുരന്തം ഉണ്ടാകുമായിരുന്നു. പിന്നീട് അമ്പലപ്പുഴ പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം പരീക്ഷണ പമ്പിങ് നിര്‍ത്തിവയ്ക്കുകയായിരുന്നു.
ഇത്രയേറെ പ്രശനങ്ങള്‍ ഉണ്ടായിട്ടും പ്ലാന്റിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്താതിരുന്നത് വിവാദമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: