തൃപ്പൂണിത്തുറ: ഉദയംപേരൂര്‍ പഞ്ചായത്തില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതായി പരാതി. സൗത്ത് പറവൂര്‍ കോണോത്തു പുഴയുടെ കടത്ത് കടവില്‍ 708/5 സര്‍വ്വേ നമ്പറില്‍പ്പെട്ട ഭൂമിയാണ് സമീപത്തെ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് യാക്കോബായ ചര്‍ച്ച് കയ്യേറിയത്. ആമ്പല്ലൂര്‍ ഭാഗത്തുനിന്ന് ഉദയംപേരൂരിലേക്കുള്ള വഴിയാണ് പള്ളി കൈയേറിയിരിക്കുന്നത്.
ആമ്പല്ലൂര്‍ ഭാഗത്ത് നിന്ന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആളുകള്‍ പതിവായി ഉപയോഗിച്ചിരുന്ന വഴിയാണ് പള്ളി കെട്ടിയടച്ചത്. ഇതേ തുടര്‍ന്ന് ആമ്പലൂര്‍ പട്ടികജാതി വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവരാവകാശ നിയമം പ്രകാരം അപേക്ഷ നല്കി ആറ് സെന്റ്റോളം വരുന്ന പുഴയുടെ തീരം വരുന്ന കര ഭൂമി സര്‍ക്കാരിന്റെയാണ് എന്ന് വെളിപ്പെടുകയും ചെയ്തു. സെന്റിന് ലക്ഷങ്ങള്‍ വില വരുന്ന ഭൂമിയാണ് പളളി കയ്യേറിയിരിക്കുന്നത്. പട്ടികജാതി വിഭാഗത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ ഇവര്‍ ആദ്യം നല്കിയ പരാതി ഭരണ സമിതി തള്ളി കളഞ്ഞു. ഭരണ സമിതിയുടെ മൗനാനുവാദത്തോടെയാണ് കയ്യേറ്റം നടന്നതെന്ന ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്ന് പഞ്ചായത്തും ഭരണസമിതിയും ചേര്‍ന്ന് സ്ഥലം റീ സര്‍വ്വേ അളവിനായി തീരുമാനം എടുത്തു. ഇത് മുന്‍കൂട്ടി അറിഞ്ഞ പള്ളി അധികൃതര്‍ സ്ഥലം കമ്പിവേലി വച്ച് കെട്ടിയടുക്കുകയും സ്ഥലത്ത് കുരിശും ഭണ്ഡാരവും സ്ഥാപിക്കുകയും ചെയ്തു. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സെക്രട്ടറി പളളി അധികാരിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി നല്കാന് കൂട്ടാക്കിയില്ല. തുടര്‍ന്ന് സെക്രട്ടറി ഉദയംപേരൂര്‍ സ്റ്റേഷനില്‍ പരാതി നല്കി. പോലീസും സെക്രട്ടറിയും സ്ഥലത്ത് എത്തിയപ്പോള്‍ പള്ളിമണി അടിച്ച് ആളുകളെ കൂട്ടുകയാണ് ഉണ്ടായത്. ഭരണ സമിതിയുടെ അഭിപ്രായം ആരാഞ്ഞതിന് ശേഷം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കുവാനാണ് പഞ്ചായത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: