പാലാ: സ്വകാര്യബസ് ഡ്രൈവര്‍ക്ക് രാവിലെ തന്നെ പൂസ്. പോലീസിനോട് തട്ടിക്കയറി പിടിയിലായി. തിങ്കളാഴ്ച രാവിലെ 9.30 ഓടെ പാലാ,കൊട്ടാരമറ്റം സ്റ്റാന്റിലായിരുന്നു സംഭവം.
പാലാ-തൊടുപുഴ റൂട്ടിലോടുന്ന തച്ചുവീട്ടില്‍ ബസിന്റെ ഡ്രൈവര്‍ അജയന്‍ (33) ആണ് പോലീസ് പിടിയിലായത്. അമിത വേഗതയില്‍ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലേക്ക് ബസ്സ് വരുന്നതുകണ്ട് പാലാ ട്രാഫിക് എസ്.ഐ സുരേ ഷ് കൈകാണിച്ചെങ്കിലും ഡ്രൈവര്‍ ബസ് നിര്‍ത്തിയില്ല. പിന്നാ ലെ സ്റ്റാന്റിലെത്തിയ പോലീസിനോട് അജയന്‍ ധിക്കാരം പറയുകയും വെല്ലുവിളിക്കുകയും ചെയ്തു.
ജീന്‍സും ടീഷര്‍ട്ടും ധരിച്ച് കാക്കിയിടാതിരുന്ന ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് മനസ്സിലാക്കിയ പോലീസ് ഉടന്‍ പിടികൂടുകയും വണ്ടി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
മദ്യപിച്ച് വാഹനമോടിക്കുന്ന ബസ് ഡ്രൈവര്‍മാരെ ഇതിനുമുമ്പും പിടികൂടിയിട്ടുണ്ടെങ്കിലും ഇത്ര രാവിലെ മദ്യപിച്ച് ബസ് ഓടിച്ച ആളെ ആദ്യമായാണ് പിടികൂടുന്നതെന്ന് പോലീസ് പറഞ്ഞു.
പോലീസ് ആവശ്യപ്പെട്ടിട്ടും ബസില്‍ നിന്ന് ഇറങ്ങാതിരിക്കുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി പോലീസിനെ അവഹേളിക്കുകയും ചെയ്തതിനും അജയനെതിരെ കേസെടുത്തിട്ടുണ്ട്.
















