കോട്ടയം: അധികാരത്തില്‍ എത്തിയാല്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന ഇടതുമുന്നണി വാഗ്ദാനം പാലിക്കാതെ അധികാരത്തില്‍ എത്തിയപ്പോള്‍ കേന്ദ്രവിരുദ്ധ സമരത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. യുഡിഎഫ് ഭരണത്തില്‍ ജീവനക്കാരെ പണിമുടക്കിന് തയ്യാറാക്കിയ ഈ സംഘടനകള്‍ ഇന്ന് മൗനം പാലിക്കുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേട് മറച്ചുപിടിക്കാനാണ്. പാര്‍ട്ടിപത്രം എടുക്കാത്തതിന്റെ പേരില്‍ ജീവനക്കാരെ സ്ഥലംമാറ്റാന്‍ കാണിക്കുന്ന ശുഷ്‌ക്കാന്തി ജീവനക്കാരോട് പറഞ്ഞവാക്ക് പാലിക്കുന്നതിനും ഉണ്ടാവണം. പ്രകടനപത്രികയില വാഗ്ദാനം നടപ്പിലാക്കി കിട്ടുന്നതിനായി കേരള എന്‍ജിഒ സംഘം ജീവനക്കാരുടെ പക്ഷത്തുതന്നെ നിലകൊള്ളുമെന്നും എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി കെ.സി.ജയപ്രകാശ് പറഞ്ഞു. ഇടത് സര്‍ക്കാര്‍ വാക്ക് പാലിക്കണമെന്ന ആവശ്യമയര്‍ത്തി ഈ മാസം 23ന് എന്‍ജിഒ സംഘ് നിയമസഭാ മാര്‍ച്ച് നടത്തുകയാണ്. വാഗ്ദാനലംഘനം നടത്തുന്ന സര്‍ക്കാരിന് ഒത്താശ ചെയ്യുന്ന ഇടതുസംഘടനകളെ ജീവനക്കാര്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. 23ന് നടക്കുന്ന നിയമസഭാ മാര്‍ച്ചിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോട്ടയത്തു നടക്കുന്ന ജില്ലാ പ്രവര്‍ത്തകയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.വിനോദ്, ജില്ലാ സെക്രട്ടറി കെ.ജയരാജ്, സംസ്ഥാന സമിതിയംഗം ജി.ദിനേശ് തുടങ്ങിയവര്‍ സംസാരിച്ചു.
















