കണ്ണൂര്‍: മാര്‍ച്ച് മാസം നടക്കാനിരിക്കുന്ന കെഎസ്‌യു സംഘടനാ തെരഞ്ഞെടുപ്പില്‍ പിന്‍വാതിലിലൂടെ സംഘടനാ തലപ്പത്തെത്താനും കെഎസ്‌യു പിടിച്ചെടുക്കാനും കെ.സുധാകരപക്ഷം വ്യാജവോട്ടര്‍മാരെ ചേര്‍ത്തതായി പരാതി. ഇതുമായി ബന്ധപ്പെട്ട് കണ്ണൂരിലെ ഒരു വഭാഗം കെഎസ്‌യുക്കാര്‍ കഴിഞ്ഞ ദിവസം എന്‍എസ്‌യു തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം കിരണ്‍കുമാറിന് പരാതി നല്‍കി. എന്നാല്‍ കിരണ്‍കുമാര്‍ പരാതി സ്വീകരിച്ചെങ്കിലും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരുവിഭാഗം കോണ്‍ഗ്രസ്സ് നേതാക്കളുടെ സമ്മര്‍ദ്ധം കാരണം തീരുമാനമെടുത്തില്ലെന്നും ആക്ഷേപമുണ്ട്. വ്യാജവോട്ട് ചേര്‍ത്തതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയവരെ കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടായി മത്സരിക്കാന്‍ തയ്യാറെടുക്കുന്ന രാഹുല്‍ എന്നയാള്‍ ഫോണ്‍വിളിച്ച് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. തനിക്കെതിരെ മത്സരിക്കാന്‍ തയ്യാറാകുന്നവര്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അച്ഛനോടും അമ്മയോടും പറയണമെന്നും പൊന്നുമോനെ വീട്ടില്‍ കയറി അടിക്കുമെന്നുമാണ് ഭീഷണി. കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ നടന്ന വിദ്യാര്‍ത്ഥി മാര്‍ച്ചില്‍ നീയാണ് രണ്ടാം പ്രതിയെന്നും ഞങ്ങളാണ് പോലീസിന് ലിസ്റ്റ് നല്‍കിയതെന്നും പറഞ്ഞ് കൊണ്ടാണ് ഭീഷണി അവസാനിക്കുന്നത്.
ഓരോ യൂനിറ്റ് കമ്മറ്റിയിലും നാല് മെമ്പര്‍മാരെ വീതം ചേര്‍ക്കുന്ന എഫക്ടീവ് മെമ്പര്‍മാരാണ് ജില്ലാ, സംസ്ഥാന ഭാരവാഹികളായി മത്സരിക്കുക. ഇതില്‍ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സുധാകര പക്ഷം ഉയര്‍ത്തിക്കൊണ്ട് വരുന്ന രാഹുല്‍ ഇപ്പോള്‍ ഉടുപ്പി ലോ കോളേജില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ്. എന്നാല്‍ ഇതിനെ മറികടക്കാന്‍ അഞ്ചരക്കണ്ടിയിലുള്ള ഒരു ടിടിഐയില്‍ സാങ്കേതികമായി അഡ്മിഷന്‍ തരപ്പെടുത്തി രാഹുല്‍ ഉള്‍പ്പടെയുള്ള പത്തോളം പേര്‍ സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോപ്പുകൂട്ടുകയാണ്. കെഎസ്‌യു മെമ്പര്‍ഷിപ്പ് തരപ്പെടുത്തി എഫക്ടീവ് മെമ്പറാകുന്നതിന് വേണ്ടി നിരവധിപ്പേര്‍ ഇത്തരത്തില്‍ വ്യാജ അഡ്മിഷന്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് സൂചന. നിരവധി വര്‍ഷമായി സംഘടനാ തെരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ നിലവിലുള്ള കമ്മറ്റികളെ കേന്ദ്രനേതൃത്വം പിരിച്ച് വിട്ടിരുന്നു.
















