മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ഡാമിന്റെ ഇടതുകനാല്‍ തകര്‍ന്നതിനെ തുടര്‍ന്ന് കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിന് തകരാറു സംഭവിച്ചു.
ഇന്നലെ ഉച്ചയോടുകൂടിയാണ് ഡാമിന്റെ 50 മീറ്റര്‍ മാത്രം അകലെയുള്ള കനാല്‍ ബണ്ട് തകര്‍ന്നത്. രണ്ടു ദിവസം മുന്‍പ് ഇടതുകനാലിലേക്കുള്ള ഷട്ടര്‍ തുറന്നിരുന്നു. മാസങ്ങളായി കനാലിന്റെ ഭാഗത്ത് ബണ്ടില്‍ ചോര്‍ച്ച അനുഭവപ്പെട്ടിരുന്നു.
നാട്ടുകാര്‍ ഇത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും അവരുടെ അനാസ്ഥയാണ് ഇതിനുകാരണമെന്ന് കര്‍ഷകര്‍ ആരോപിച്ചു. കനാല്‍ തകര്‍ന്ന് തൊട്ടടുത്തുള്ള പുഴയിലേക്കുതന്നെ വെള്ളം ഒഴുകിപോയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
15 കോടിരൂപ ചിലവില്‍ കാഞ്ഞിരപ്പുഴയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കേയാണ് കനാല്‍ തകര്‍ന്നത്. വിവരമറിഞ്ഞ് എംഎല്‍എ കെ.വി.വിജയദാസ്, ജില്ലാ കളക്ടര്‍ മേരിക്കുട്ടി എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: