കൊച്ചി: തെരുവുനായ്‌ക്കളുടെ നിയന്ത്രണവും നാടന്‍ നായ്‌ക്കളുടെ സംരക്ഷണവും ലക്ഷ്യമിട്ട് 19ന് മൃഗാവകാശ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നാടന്‍ നായ്‌ക്കളെ ദത്ത് നല്‍കല്‍ ക്യാമ്പയിന്‍ നടത്തുന്നു. കലൂര്‍ അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ രാവിലെ 10 മണിക്ക് നടത്തുന്ന ദത്ത് നല്‍കല്‍ യജ്ഞത്തില്‍ പ്രതിരോധ കുത്തിവയ്‌പ്പ് നല്‍കിയ 50 നാടന്‍ നായ്‌കുഞ്ഞുങ്ങളെയാണ് സൗജന്യമായി ദത്ത് നല്‍കുന്നത്. വീടുകളില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട പത്തോളം നായ്‌ക്കള്‍ക്ക് പുതിയ ഉടമസ്ഥരേയും തേടുന്നുണ്ട്.
എച്ച്എഫ്എ, ദയ എന്നീ സംഘടനകള്‍ സംയുക്തമായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ നടത്തുന്നത്. കൂടുതല്‍ ആവശ്യക്കാരെ കണ്ടെത്തുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി 300 നായ്‌കുട്ടികളെയും 125 പൂച്ചകുട്ടികളെയും കഴിഞ്ഞ 2വര്‍ഷം കൊണ്ട് ദത്ത് നല്‍കിയിട്ടുണ്ട്.
നമ്മുടെ കാലാവസ്ഥയ്‌ക്കും, ഭക്ഷണ രീതിക്കും, സംരക്ഷണത്തിനും ഉതകുന്ന നാടന്‍ നായ്‌ക്കളെ ഉത്മൂലനം ചെയ്യുന്നതിലാണ് പല സംഘടനകളും തെരുവുനായ ഉത്മൂലനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ നായ്‌ക്കളെ വളര്‍ത്തല്‍ ചിലവേറിയതാക്കുകയും ചെയ്യും. വീട് കാവലിന് ഉത്തമം ഏറെ കൂറും വിധേയത്വവും പ്രകടിപ്പിക്കുന്ന നാടന്‍ നായ്‌ക്കളാണെന്നത് സമൂഹത്തിന് ബോധ്യപ്പെടുത്തുകയാണ് ഇതിന്റെ ഉദ്ദേശം.
നായ്‌ക്കളുടെ വംശവര്‍ദ്ധനവ് തടയുന്ന എബിസി പദ്ധതിക്കൊപ്പം ദത്തെടുക്കല്‍ കൂടി നടപ്പിലാക്കുന്നതോടെ മാത്രമേ തെരുവു നായ നിയന്ത്രണം സാധ്യമാകൂ. സൗജന്യമായി നല്‍കുന്ന നായ്‌കുഞ്ഞുങ്ങളുടെ വന്ധീകരണത്തിനും സംഘടനകള്‍ സഹായിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7736705572, 9745504569, 9447837850 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ദത്തെടുക്കല്‍ ക്യാപയിന്‍ കോ ഓഡിനേറ്റര്‍ അറിയിച്ചു.
















