തിരുവനന്തപുരം: അമ്പലത്തറ കോര്‍ദോവ സീനിയര്‍ സെക്കന്‍ഡറി സിബിഎസ്‌സി സ്‌കൂളില്‍ ആറ് വനിതാ അദ്ധ്യാപകര്‍ക്ക് വിലക്ക്. കഴിഞ്ഞ പത്ത് മാസമായി ശമ്പളമില്ല. പഠിപ്പിക്കാന്‍ അനുവാദം ഇല്ലാത്ത അദ്ധ്യാപകര്‍ രാവിലെ മുതല്‍ കഴിഞ്ഞുകൂടുന്നത് ഫിസിക്‌സ് ലാബില്‍. അദ്ധ്യാപകരായ ചിഞ്ചു, ബീന, നസീമ, ശര്‍മിള, ഷംല, ശാരിക എന്നിവരാണ് കഴിഞ്ഞ പത്ത് മാസമായി ശമ്പളത്തിനായി മാനേജ്‌മെന്റിന് മുന്നില്‍ കേഴുന്നത്.
ബീന 21 വര്‍ഷവും ചിഞ്ചുവും നസീമയും 18 വര്‍ഷവും ശര്‍മിള 17 വര്‍ഷവും ശാരികയും ഷംലയും ആറു വര്‍ഷവുമാണ് ഈ സ്‌കൂളില്‍ പഠിപ്പിച്ചത്. 2016 മേയ് മാസം 31 വരെ ആറ് പേരും ഡ്യൂട്ടിചെയ്തു. അന്ന് രാത്രിയാണ് ഇനി സ്‌കൂളിലേക്ക് വരേണ്ടെന്നും പകരം ടീച്ചര്‍മാരെ നിയമിച്ചെന്നും മാനേജ്‌മെന്റ് ഫോണില്‍ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് സ്‌കൂളിലെത്തിയ ഇവര്‍ക്ക് ശമ്പളവും നല്‍കി തിരികെ അയച്ചു. ടീച്ചര്‍മാരുടെ ഭാഗം കേള്‍ക്കാന്‍പോലും മാനേജ്‌മെന്റ് തയ്യാറായില്ല. വിദ്യാഭ്യാസ വകുപ്പിലും സിബിഎസ്‌സി പട്ടം റീജിയണിലും ചെന്നൈയിലും പരാതി നല്‍കി. പക്ഷെ നടപടി ഉണ്ടായില്ല. ഇതോടെ ജൂണ്‍ 2 ന് കോടതിയെ സമീപിച്ചു. അദ്ധ്യാപകരെ തിരിച്ചെടുത്ത് തല്‍സ്ഥിതി തുടരാന്‍ ജൂണ്‍ 5ന് കോടതി ഉത്തവിടുകയും ചെയ്തു.
ഉത്തരവുമായി സ്‌കൂളില്‍ എത്തിയതോടെയാണ് അദ്ധ്യാപകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. രാവിലെ വന്ന് രജിസ്റ്ററില്‍ ഒപ്പിട്ട് പഞ്ച് ചെയ്യണം. ക്ലാസ്സില്‍ കയറാന്‍ പാടില്ല. ഫിസ്‌ക്‌സ് ലാബില്‍ ഇരിക്കണം. പുറത്തിറങ്ങാനോ വിദ്യാര്‍ത്ഥികളുമായി സംസാരിക്കാനോ വിലക്കുണ്ട്. ഒരുമാസം കഴിഞ്ഞിട്ടും ശമ്പളം നല്‍കിയില്ല. മാനേജ്‌മെന്റിനെ സമീപിച്ചപ്പോള്‍ കോടതിയില്‍പോയി ശമ്പളം വാങ്ങാനായിരുന്നു മറുപടി. കേസ് അതിവേഗത്തില്‍ പരിഗണിക്കണമെന്ന് കാട്ടി വീണ്ടും കോടതിയെ സമീപിച്ചപ്പോള്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് അപ്പുറമുള്ള കേസുകള്‍ പരിഗണിച്ചാല്‍ മതിയെന്ന സുപ്രീംകോടതി ഉത്തരവ് വിനയായി.
ഇപ്പോള്‍ പത്ത് മാസം കഴിയുന്നു. ഇതിനിടയില്‍ പൂന്തുറ പോലീസിന്റെ മധ്യസ്ഥതിയില്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും മാനേജ്‌മെന്റ് വഴങ്ങിയില്ല. പലരും വീട്ടുവാടക പോലും നല്‍കാനാകാത്ത സ്ഥിതിയിലാണ്. കുടുംബം പട്ടിണിയിലുമാണ്. പലര്‍ക്കും പ്രായപരിധി കഴിയാറായി. എങ്കിലും എല്ലാ ദിവസവും സ്‌കൂളിലെത്തി ഹാജര്‍ രേഖപ്പെടുത്തി ഫിസിക്‌സ് ലാബിലേക്ക് പോകും. തങ്ങള്‍ ആത്മഹത്യയുടെ വക്കിലെന്നാണ് അദ്ധ്യാപകര്‍ പറയുന്നത്.
















