തലശ്ശേരി: ഇല്ലത്തുതാഴെ മണോളിക്കാവിനടുത്തു നിന്ന് മൂന്ന് സ്റ്റീല്‍ ബോംബുകളും ഒരു വടിവാളും പോലീസ് കണ്ടെടുത്തു. ഇന്നലെ കാലത്ത് തലശ്ശേരി പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. മണോളിക്കാവ് താലപ്പൊലി മഹോത്സവം നാളെ ആരംഭിക്കാനിരിക്കെ മുന്‍കരുതല്‍ എന്ന നിലയില്‍ പോലീസ് ക്ഷേത്രപരിസരങ്ങളില്‍ പരിശോധന നടത്തുകയായിരുന്നു. ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ ചുമപ്പന്‍ കൊത്ത് നടക്കുന്ന സ്ഥലത്ത് ഒളിപ്പിച്ചു വെച്ച നിലിയിലായിരുന്നു ആയുധങ്ങള്‍. ഉത്സവത്തോടനുബന്ധിച്ച് സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ കഴിഞ്ഞ ദിവസം തലശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സമാധാനയോഗം നടത്തിയിരുന്നു. സമാധാനഭംഗം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും മുന്‍കൈയ്യെടുക്കണമെന്ന് തീരുമാനിച്ചതിന് പിന്നാലെയാണ് വാളും ബോംബുകളും ക്ഷേത്രകര്‍മ്മം നടക്കുന്ന സ്ഥലത്തു നിന്ന് കണ്ടെത്തിയത്. ഇത് ഭക്തജനങ്ങളില്‍ ഭീതിയുളവാക്കിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ക്ഷേത്രത്തിനടുത്ത സിപിഎം ശക്തികേന്ദ്രമായ ഊരാങ്കോട്ടും പരിസരങ്ങളിലും നിരവധി തവണ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സമാധാനയോഗം ചേര്‍ന്നത്. ആയുധം കണ്ടെത്തിയ നിലക്ക് പരിശോധന കര്‍ശനമാക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. ക്ഷേത്രോത്സവത്തിന് കൂടുതല്‍ പോലീസിനെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്.
















