കളമശേരി: കുസാറ്റ് സെന്റര്‍ ഫോര്‍ ബഡ്ജറ്റ് സ്റ്റഡീസിന് കെ.എം. മാണിയുടെ പേര് നല്‍കിയത് പിന്‍വലിക്കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം മിനിറ്റ്‌സ് ബുക്കില്‍ തിരുത്തിയതായി ആരോപണം. സിന്‍ഡിക്കേറ്റ് നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടെങ്കിലും അത് നടപ്പിലാകാതിരിക്കാന്‍ രജിസ്ട്രാര്‍ യോഗ തീരുമാനം തിരുത്തി സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.
സ്റ്റഡീ സെന്ററിന്റെ പേര് മാറ്റുന്നതില്‍ സര്‍ക്കാരിന്റെ അഭിപ്രായം ചോദിച്ചാണ് രജിസ്ട്രാര്‍ കത്തെഴുതിയത്. മാത്രമല്ല ‘സിന്‍ഡിക്കേറ്റ് തീരുമാനിച്ചു’ എന്നതിന് പകരം ‘പേര് മാറ്റാമോയെന്ന് സര്‍ക്കാരിനോട് സിന്‍ഡിക്കേറ്റ് അഭിപ്രായം ചോദിക്കുന്നു ‘ എന്ന് അര്‍ത്ഥം വരുന്ന രീതിയില്‍ മിനിറ്റ്‌സില്‍ എഴുതിയെന്നും ആരോപണമുണ്ട്.
സിന്‍ഡിക്കേറ്റ് തീരുമാനം അട്ടിമറിക്കാനാണെന്നാണ് സൂചന. മാത്രമല്ല ഒക്ടോബറില്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് മാസം വൈകി ജനുവരിയിലാണ് കത്ത് എഴുതുന്നത്. ഒക്ടോബര്‍ 15ന് കെ.എം. മാണിയുടെ പേര് മാറ്റണമെന്ന നിര്‍ദ്ദേശം മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമാണ് സിന്‍ഡിക്കേറ്റില്‍ നിര്‍ദ്ദേശിച്ചത്. നിരവധി വിജിലന്‍സ് കേസുകളുള്ള ഒരാളുടെ പേരില്‍ ഒരു സര്‍വ്വകലാശാലയുടെ ഒരു കേന്ദ്രം അറിയപ്പെടുന്നത് ശരിയല്ലെന്നാണ് എംഎല്‍എ അഭിപ്രായപ്പെട്ടിരിന്നു.
2012 മാര്‍ച്ച് 29 ന് കുസാറ്റ് ബഡ്ജറ്റ് അവതരിപ്പിക്കുമ്പോഴാണ് ബഡ്ജറ്റ് സ്റ്റഡി സെന്ററിന് അന്നത്തെ ധനകാര്യ മന്ത്രി കെ.എം. മാണിയുടെ പേരിടാന്‍ തീരുമാനിച്ചത്. സിന്‍ഡിക്കേറ്റംഗവും ഫിനാന്‍സ് സബ് കമ്മിറ്റിയംഗവുമായ പ്രൊഫ. ലോപ്പസ് മാത്യുവാണ് ബഡ്ജറ്റില്‍ നാമകരണ പ്രഖ്യാപനം നടത്തിയത്.
















