തലവടി: തലവടി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ പുളിക്കത്തറ ഷൈലമ്മ പ്രഹഌദനും കുടുംബത്തിനുമായി നിര്‍മ്മിച്ച നന്മവീടിന്റെ ശിലാസ്ഥാപന കര്‍മ്മം ഞായറാഴ്ച നടക്കും.വിധവയായ ഷൈലമ്മയും രണ്ട് പെണ്‍മക്കളും ഇളയ മകനുമൊപ്പം വാടകക്ക് അടച്ചുറപ്പില്ലാത്ത ഷെഡിലായിരുന്നു താമസം.
ദുരവസ്ഥ തിരിച്ചറിഞ്ഞ നാട്ടുകാര്‍ ഷൈലമ്മയുടേയും കുടുംബത്തിന്റേയും പുനരധിവാസത്തിനായി ഷൈലമ്മ പുനരധിവാസ സമിതി ഉണ്ടാക്കി. തുടര്‍ന്ന് നടന്ന സമിതിയുടെ പ്രവര്‍ത്തനങ്ങളാണ് ഷൈലമ്മയ്‌ക്കായി ഭൂമി വാങ്ങുവാനും വീടിന്റെ ശിലാസ്ഥാപനത്തിലും എത്തി നില്‍ക്കുന്നത്. സുമനസ്സിനുടമകളായ നാട്ടുകാരുടേയും മറ്റും സഹായത്തോടെ ശേഖരിച്ച തുകയും പഞ്ചായത്തിന്റെ അഗതി ആശ്രിത പദ്ധതിയില്‍ നിന്നും ലഭിച്ച തുകയും ഉപയോഗിച്ചാണ് ഇക്കാര്യങ്ങളെല്ലാം നിറവേറ്റിയത്.
പഞ്ചായത്തംഗം അജിത്ത് കുമാര്‍ പിഷാരത്ത്, ഗോപിനാഥന്‍ ആനന്ദാലയം,ഗോപിനാഥന്‍ നായര്‍, തോമസുകുട്ടി ചാലുങ്കല്‍, ലാല്‍സന്‍ മുണ്ടുചിറ, സുധീന്ദ്രബാബു എന്നവരുടെ നേതൃത്വത്തിലാണ് സമിതിയുടെ പ്രവര്‍ത്തനങ്ങള്‍. ഷൈലമ്മ പുനരധിവാസ സമിതിയുടെ അക്കൗണ്ട് തലവടി ഫെഡറല്‍ബാങ്കില്‍ തുറന്നു. ഇന്ന് രാവിലെ 10.15ന് തലവടി പഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്‍ ശിലാസ്ഥാപനം നടത്തും.
















