കൊട്ടാരക്കര: ബാപ്പുജിയെ കാണാന്‍ കടല്‍കടന്നെത്തിയ ജാക്കിമന്സൂരിയന് സര്‍ക്കാര്‍സ്കൂളിലേക്ക് കുട്ടികളെ തേടി ഭവനസന്ദര്‍ശനം നടത്തി. ബാപ്പുജി സ്മാരക വായനശാലാ പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു വെല്‍ഫയര്‍ സ്കൂളിലെ ഒന്നാം ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാനുള്ള സന്ദര്‍ശനം. നാട് മറന്ന് തുടങ്ങിയ പൊതുവിദ്യാഭ്യാസത്തിന്റെ മഹത്വം രക്ഷകര്‍ത്താക്കളെ ഓര്‍മ്മിപ്പിച്ചാണ് കുട്ടികളെ സ്കൂലിലെത്തിക്കാന് രക്ഷിതാക്കളോട് അഭ്യര്‍ത്ഥിച്ചത്. പത്തോളം വീടുകള്‍ അവര്‍ സന്ദര്‍ശിച്ചു.
സന്ദര്‍ശനം പകര്ന്നുനല്കുന്ന അനുഭവം വളരെ വലുതാണെന്നും ഇത് ഞാന്‍ ആസ്വദിക്കുന്നു എന്നും അവര്‍ പറഞ്ഞു. വായനശാലക്ക് 100 ഡോളര്‍ സംഭാവനയായും 500 പുസ്തകങ്ങളും നല്കി. തന്റെ മക്കള്‍ക്ക് വായിക്കാനായി വാങ്ങിയ നൂറോളം ബാലവേദി പുസ്തകങ്ങളും വായനശാലയിലെ തന്റെ കുട്ടികള്‍ക്കായി അവര്‍ നല്കി. മൃഗങ്ങള്‍ പുറത്തേക്ക് ചാടുന്ന തരത്തില്‍ ത്രീഡി എഫക്ടുള്ള പുസ്തകങ്ങളും കൂട്ടത്തിലുണ്ട്. ഞായറാഴ്ച മെല്‍ബണിലേക്ക് തിരിക്കും. വായനശാലാ പ്രസിദ്ധീകരണമായ പെരുംകുളം കാഴ്ചക്ക് വേണ്ടി എം.മുകുന്ദന് ആരാധകക്കൂട്ടം പ്രസിഡന്റ് അഭിരാമിക്കൊപ്പം മൂന്നുമണിക്കൂര്‍ നീണ്ട അഭിമുഖത്തിനും സമയം കണ്ടെത്തി. പ്രകൃതിയെ ആരാധിക്കുന്ന മന്‍സൂരിയന്‍ ഭര്‍ത്താവിനൊപ്പം പെരുംകുളത്തെ കാവുകളും കുളങ്ങളും സന്ദര്‍ശിച്ചു. കാവിലെ ഓരോ തരം മരങ്ങളുടേയും പേരുകളും അവയുടെ പ്രത്യേകതകളും മനസിലാക്കി ചിത്രവുമെടുത്തു.
മെല്‍ബണിലെത്തി അവര്‍ സെക്രട്ടറിയായ സാഹിത്യസംഘടനയുടെ അടുത്ത യോഗത്തില്‍ ബാപ്പുജി സ്മാരക വായനശാലയുടെ സേവനപ്രവര്‍ത്തനങ്ങളും ഗ്രാമവിശുദ്ധിയും അവതരിപ്പിക്കുമെന്ന് അവര്‍ പറഞ്ഞു. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സ്വദേശിനിയായ ജാക്കി മന്‍സൂരിയന്‍ ബാപ്പുജി വായനശാലയും പെരുംകുളം വെല്‍ഫയര്‍ എല്‍പി സ്കൂളും സന്ദര്‍ശിക്കാന്‍ എത്തിയത് രണ്ട് ദിവസം മുന്‍പാണ്.
ഏഷ്യന്‍ പസഫിക് ഭൂഖണ്ഡങ്ങളിലെ സാഹിത്യരചനകള്‍ തര്‍ജ്ജമ ചെയ്ത് ജനങ്ങളിലെത്തിക്കുന്നതിനുവേണ്ടി 1925ല്‍ രൂപീകൃതമായ പെന്മെല്ബണ് എന്ന സംഘടനയുടെ സെക്രട്ടറിയാണ് അവര്‍.
















