കൈപ്പുഴമുട്ട്: കഠിനമായ വേനല്‍ച്ചൂടില്‍ ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഘലകളായ മണിയാപറമ്പ്, മഞ്ചാടിക്കരി, കൈപ്പുഴമുട്ട് മേഘലകളിലെ കുടിവെള്ള വിതരണത്തില്‍ വാട്ടര്‍ അതോറിറ്റി അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് ബിജെപി ഏറ്റുമാനൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ആന്റണി ആന്റണി അറയില്‍. ബിജെപി കൈപ്പുഴമുട്ട് യൂണിറ്റ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. നിലവില്‍ ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തില്‍ മെഡിക്കല്‍ കോളേജിന് സമീപം സ്ഥിതിചെയ്യുന്ന കുടിവെള്ള ടാങ്കില്‍ നിന്നാണ് ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തിലെ 16 വാര്‍ഡുകളിലേക്കും കോട്ടയം മെഡിക്കല്‍ കോളേജിലേക്കും കുടിവെള്ളം കുടിവെള്ള വിതരണം നടത്തുന്നത്. ആര്‍പ്പൂക്കര പഞ്ചായത്തിലെ വാര്‍ഡുകളിലേക്ക് പോലും വിതരണത്തിന് ആവശ്യമായ ശുദ്ധജലം ഇല്ലാത്ത സാഹചര്യത്തില്‍ കോട്ടയം, ഏറ്റുമാനൂര്‍ എംഎല്‍എമാരുടെ ഇടപെടല്‍മൂലം ജപ്പാന്‍ കുടിവെള്ളവിതരണം ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ കുടിവെള്ളവിതരണം നടക്കുന്ന മാഞ്ഞൂര്‍, കാണക്കാരി പഞ്ചായത്തുകളിലേക്കും, കോട്ടയം മുന്‍സിപ്പാലിറ്റിയിലെ കുമാരനല്ലൂര്‍ മേഖലയിലേക്കും വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ഒത്താശയോടെ ഇപ്പോള്‍ എല്ലാദിവസവും വെള്ളം വിതരണം ചെയ്യുകയാണ്.
വേമ്പനാട്ട് കായലില്‍ ഉപ്പായതിനാലും വേനല്‍മഴ കുറവായതിനാലും ആര്‍പ്പൂക്കര പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖലയിലെ ജനങ്ങള്‍ കുടിവെള്ളത്തിന് മറ്റുപഞ്ചായത്തുകളെ ആശ്രയിക്കുകയാണ്. അധികൃതര്‍ അനാസ്ഥ മാറ്റിയില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പഞ്ചായത്തംഗം അഡ്വ.ജോഷി ചീപ്പുങ്കല്‍ പ്രസ്താവിച്ചു. യോഗത്തില്‍ സുധീര്‍സ സാനു, സുനില്‍കുമാര്‍, മനോജ്, ഷിജി, മനു, സാന്റപ്പന്‍, കുട്ടപ്പന്‍, സോമന്‍, വേണു എന്നിവര്‍ സംസാരിച്ചു.
















