ഗാന്ധിനഗര്‍: മെഡിക്കല്‍ കോളേജിന് മുന്നിലെ വഴിയോരത്തുനിന്ന് പൊളിച്ചുനീക്കിയ കടള്‍ വീണ്ടും ഉയരുന്നു. അനധികൃത കടകള്‍ പൊളിച്ചുമാറ്റിയിട്ട് ഒരാഴ്ച പിന്നിടും മുമ്പാണ് അനധികത കടകള്‍ വീണ്ടും തലയുയര്‍ത്തുന്നത്.
കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജനുവരി 31-നാണ് ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തില്‍ ഗാന്ധിനഗര്‍ പോലീസിന്റെ സഹായത്തോടെ കടകള്‍ പൊളിച്ചുനീക്കിയത്. പഞ്ചായത്തുവക സ്ഥലം കയ്യേറി കടകള്‍ നിര്‍മ്മിച്ച് കച്ചവടം നടത്തിയിരുന്നവര്‍ക്കെതിരെ മുപ്പത് വര്‍ഷങ്ങളായി കേസ് നല്‍കിയിരുന്നു. എങ്കിലും പല കോടതികളില്‍ നിന്നായി ഇവര്‍ സ്‌റ്റേ ഉത്തരവ് സമ്പാദിച്ച് കച്ചവടം നടത്തിവരികയായിരുന്നു. ഭക്ഷണ പാനീയങ്ങളും ആഹാരസാധനങ്ങളുമെല്ലാം യാതൊരുവിധ ലൈസന്‍സുമില്ലാതെയാണ് വിറ്റഴിച്ചുകൊണ്ടിരുന്നത്. പലപ്പോഴും രോഗികളുടെ കൂട്ടിരിപ്പുകാര്‍ ഇവിടെ നിന്നും ഭക്ഷണസാധനങ്ങള്‍ വാങ്ങി രോഗികള്‍ക്ക് നല്‍കാറുമുണ്ടായിരുന്നു. ഇതിന്റെ ഫലമായി ഭക്ഷ്യവിഷബാധയേറ്റ സംഭവും റിപ്പോര്‍ട്ട് സംഭവിച്ചിരുന്നു.
ഇതിനെയൊന്നും ഫലപ്രദമായി തടയുവാന്‍ അധികാരികള്‍ക്ക് സാധിച്ചിരുന്നുമില്ല. 2000ല്‍ പഞ്ചായത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന കേസില്‍ 2016 ഡിസംബര്‍ 14ന് പഞ്ചായത്തിന് അനുകൂലമായി വിധി പ്രസ്താവമുണ്ടായി ഇതനുസരിച്ച് ഇവിടെ പ്രവര്‍ത്തിച്ചിരുന്ന 22 കടകളില്‍ അഞ്ചെണ്ണമൊഴികെ പൊളിച്ച് മാറ്റുവാനും അഞ്ചെണ്ണത്തിന്റെ ഉടമകള്‍ പഞ്ചായത്തിനെ സമീപിച്ച് അപേക്ഷ നല്‍കിയാല്‍ ഉചിതമായ നടപടിയെടുക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് അവകാശമുണ്ടെന്നും പറഞ്ഞിരുന്നു. ഇവര്‍ക്ക് ബങ്കുകള്‍ നല്‍കുവാനുള്ള സൗകര്യമൊരുക്കുമെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. അതനുസരിച്ചാണ് ജനുവരി 31ന് അവിടെ അനധികൃതമായി നിര്‍മ്മിച്ച് കച്ചവടം നടത്തിയിരുന്ന കടകള്‍ പൊളിച്ചുമാറ്റിയത്. രണ്ടേക്കര്‍ വരുന്ന സ്ഥലമാണ് പഞ്ചായത്തിന് ഇവിടെയുള്ളത്. ഈ സ്ഥലത്ത് ആധുനിക രീതിയിലുള്ള ബസ് സ്റ്റേഷനും ഷോപ്പിംഗ് മാളുകളും നിര്‍മ്മിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. അതിനായുള്ള 20 കോടി രൂപയുടെ ഫണ്ട് കേരള അര്‍ബന്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍നിന്നും അനുവദിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നിര്‍മ്മാണ അനുമതി ലഭിച്ചതായും സെക്രട്ടറി രാധാകൃഷ്ണ കമ്മത്ത് പറഞ്ഞു.
ഇതിനെയെല്ലാം അട്ടിമറിച്ചുകൊണ്ടാണ് ഒഴിപ്പിക്കലിന് ശേഷം ഓരാഴ്ച മാത്രം കഴിയുമ്പോള്‍ വീണ്ടും കൂണുകള്‍ പോലെ ഇവിടെ കച്ചവടസ്ഥാപനങ്ങള്‍ ഉയര്‍ന്നത്. പൊതുനിരത്ത് കയ്യേറിയും കച്ചവടം പൊടിപൊടിക്കുന്നു. ആര്‍ക്കും എന്തും ആകാം എന്ന സ്ഥിതിയാണ് മെഡിക്കല്‍ കോളേജ് പരിസരത്തുള്ളത്. ഇതിനെതിരെ ശക്തമായി പ്രതികരിക്കുവാന്‍ പോലുമാകാതെ അധികൃതരും നിസംഗതയോടെ നിലകൊള്ളുന്നു. പഞ്ചായത്തുവക സ്ഥലവും പൊതുനിരത്തും കയ്യേറി കച്ചവടം നടത്തുന്നവരെ ഉടന്‍ ഒഴിപ്പിക്കണമെന്നതാണ് പൊതുജനാഭിപ്രായം.
















