തൃപ്പൂണിത്തുറ: ഐഒസി ഉദയംപേരൂര്‍ എല്‍പിജി ബോട്ടിലിങ്ങ് പ്ലാന്റിലെ സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തില്‍ തീരുമാനം ആകാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി സംഘടനകള്‍ സത്യാഗ്രഹ സമരം ആരംഭിച്ചു. പ്ലാന്റില്‍ ഉണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്നാണ് സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. പ്ലാന്റിന്റെ പ്രവര്‍ത്തനം ഇന്നലെയും ഭാഗീകമായിരുന്നു.
കളക്ടറുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷം ആംബുലന്‍സ് സൗകര്യം അനുവദിക്കുന്നതിനെ സംബന്ധിച്ച് മാനേജ്‌മെന്റ് തീരുമാനം അറിയിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും കമ്പനിയുടെ ഭാഗത്ത് നിന്ന് തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്നാണ് സമരം. 2014ല്‍ പ്ലാന്റില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് കളക്ടര്‍ സമക്ഷം തീര്‍പ്പാക്കിയ തീരുമാനങ്ങള്‍ മൂന്ന് വര്‍ഷമായിട്ടും നടപ്പിലാക്കാതെ മാനേജ്‌മെന്റ് തൊഴിലാളികളെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്നും യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു.
നിലവിലെ എല്ലാ പ്രശ്‌നങ്ങളും പൊതുജനങ്ങള്‍ക്ക് മുമ്പില്‍ തുറന്ന് കാണിച്ച് ശക്തമായ പ്രക്ഷോപം ആരംഭിക്കുമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. ജനങ്ങളുടെ ജീവന്‍വെച്ച് കൊണ്ട് മാനേജ്‌മെന്റ് നടത്തുന്ന നിരുത്തരവാദ സമീപനത്തെ ന്യായീകരിക്കാനാവില്ലെന്നും സുരക്ഷയുടെ കാര്യത്തില്‍ കമ്പനി തീരുമാനങ്ങള്‍ എടുക്കാത്തതിന്റെ പശ്ചാത്തലത്തില്‍ സമരം പൂര്‍വ്വാധികം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് തീരുമാനം എന്ന് സംയുക്ത തൊഴിലാളി സംഘടനാ നേതാക്കള്‍ അറിയിച്ചു.
















