വിളപ്പില്‍: ജീവിതത്തിന്റെ സായംസന്ധ്യയില്‍ തനിച്ചായവര്‍, ദാരിദ്ര്യത്തിന്റെ പിടിയിലമര്‍ന്നവര്‍ തുടങ്ങി അയലത്തെ അഗതികളെ തേടിപ്പിടിച്ച് ആജീവനാന്ത പെന്‍ഷന്‍ നല്‍കിയ കണ്ണശ്ശയിലെ ബാല്യങ്ങള്‍ ഇന്നലെ നന്മയുടെ പൂമരങ്ങളായി. പേയാട് കണ്ണശ്ശ മിഷന്‍ ഹൈസ്‌കൂളിലെ രണ്ടായിരത്തോളം വിദ്യാര്‍ഥികളാണ് അശരണര്‍ക്ക് നന്മ എന്ന പേരില്‍ പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തി സമൂഹത്തിന് മാതൃകയായത്.
ഒരുദിവസം ഒരു രൂപ കൊണ്ടൊരു നന്മ. അതായിരുന്നു കുട്ടികള്‍ ചേര്‍ന്ന് നടപ്പിലാക്കിയ പ്രതിമാസ അഗതി പെന്‍ഷന്‍ പദ്ധതി. ഓരോ ക്ലാസ് മുറിയിലും സ്ഥാപിച്ചിട്ടുള്ള നന്മപ്പെട്ടിയില്‍ ഓരോ വിദ്യാര്‍ഥിയും ദിവസേന ഒരു രൂപ നാണയം നിക്ഷേപിക്കും. നന്മപ്പെട്ടി എല്ലാ മാസവും ഏഴിന് കുട്ടികള്‍ തന്നെ തുറക്കും. സ്‌കൂളിന്റെ അയല്‍ പഞ്ചായത്തുകളായ മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍ എന്നിവിടങ്ങളിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് നന്മപ്പെട്ടിയിലെ നാണയങ്ങള്‍ പെന്‍ഷനായി നല്‍കും. ആദ്യ ഘട്ടത്തില്‍ പ്രതിമാസം 500 രൂപ ക്രമത്തില്‍ മുപ്പത് കുടുംബങ്ങള്‍ക്കാണ് പെന്‍ഷന്‍ നല്‍കിയത്. പഞ്ചായത്ത് മെമ്പര്‍മാര്‍ ശുപാര്‍ശ ചെയ്ത കുടുംബങ്ങളെ കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രതിനിധികള്‍ നേരിട്ടുപോയി നിരീക്ഷിച്ചാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.
ഇന്നലെ കുട്ടികളുടെ സാന്നിധ്യത്തില്‍ സ്‌കൂളിന്റെ സ്ഥാപകന്‍ എസ്. സുശീലന്‍നായര്‍ ആദ്യ പെന്‍ഷന്‍ വിതരണം നടത്തി. ഐ.ബി. സതീഷ് എംഎല്‍എ, ചലച്ചിത്ര താരം മായാ വിശ്വനാഥ്, മൂന്ന് പഞ്ചായത്തുകളുടെയും പ്രസിഡന്റുമാരായ അനില്‍കുമാര്‍, വിജയരാജ്, ചന്ദ്രന്‍നായര്‍, വാര്‍ഡംഗങ്ങളായ സി.എസ്. അനില്‍, ശാലിനി, സ്‌കൂള്‍ ചെയര്‍മാന്‍ ആനന്ദ് കണ്ണശ്ശ, എച്ച്എം ഡോ രാജേന്ദ്ര ബാബു, പിറ്റിഎ പ്രസിഡന്റ് പി.എസ്. പ്രേം കുമാര്‍, സ്‌കൂള്‍ ലീഡര്‍ അര്‍ജുന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പെന്‍ഷന്‍ വിതരണം.
















