കാഞ്ഞിരപ്പള്ളി: പാറത്തോട് ഗ്രേസി മെമ്മോറിയല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ചക്കമഹോത്സവം നടത്തി.
ചക്കകൊണ്ടുള്ള നൂറില്‍പരം വിഭവങ്ങളാണ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയത്. പ്രിയ വിഭവമായ ചക്കപ്പുഴുക്കും, ചക്ക ഉപ്പേരിയും, കുമ്പളപ്പവും മാത്രമാല ചക്ക കൊണ്ട് ഉണ്ടാക്കിയ അടയും, തോരനും, ഉണ്ണിയപ്പവും, ലഡുവും, അവിയല്‍, സാന്‍വിച്ച്, അച്ചാര്‍, പുട്ട്, ഹല്‍വ തുടങ്ങിയ നാവില്‍ കൊതിയൂറുന്ന നൂറിലധികം വിഭവങ്ങളാണ് 8, 9, 10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയത്.
പരിപാടിയില്‍ അതിഥികളെ സ്വീകരിച്ചതും വ്യത്യസ്തമായി. പ്ലാവില കൊണ്ടുള്ള മാലയും തൊപ്പിയും വെച്ചാണ് അതിഥികളെ സ്വീകരിച്ച് വേദിയിലിരുത്തിയത്. വനംവന്യജീവി ബോര്‍ഡംഗവും വനമിത്ര അവാര്‍ഡ് ജേതാവുമായ കെ. ബിനു യോഗം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക വി. സൈനം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പിടിഎ പ്രസിഡന്റ് കെ. ആര്‍ സാജന്‍, ലെറ്റി സി. തോമസ് എന്നിവര്‍ സംസാരിച്ചു. പരിപാടികള്‍ക്ക് ശേഷം സ്‌കൂള്‍ വളപ്പില്‍ കെ ബിനുവിന്റെ നേതൃത്വത്തില്‍ പ്ലാവിന്‍ തൈയും നട്ടു.
















