പീരുമേട്: സര്‍ക്കാര്‍ വക ഭൂമി കൈവശപ്പെടുത്തിയിട്ട് വര്‍ഷങ്ങളായിട്ടും ബന്ധപ്പെട്ട അധികാരികള്‍ കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. വണ്ടിപ്പെരിയാര്‍ ടൗണിലെ പൊതുമരാമത്ത് വകവസ്തുവാണ് സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയിരിക്കുന്നത്. പെരിയാറില്‍ ഉള്‍പ്പെടെ നിരവധി കയ്യേറ്റങ്ങള്‍ നടക്കുന്ന ഇവിടെ ഇത്തരം കാര്യങ്ങള്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ കണ്ണടുക്കുകയാണെന്ന ആക്ഷേപം വ്യാപകമാണ്. ഇതിന് മുന്‍പും ഇത്തരത്തിലുള്ള നിരവധി കയ്യേറ്റങ്ങളുടെ വാര്‍ത്തകള്‍ ചൂണ്ടി കാട്ടിയിട്ടും അനങ്ങാപ്പാറ നയമാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം സ്വീകരിക്കുന്നത്.
മുമ്പ് പൊതുമരാമത്ത് വകുപ്പിലെ എന്‍എംആര്‍ ജീവനക്കാര്‍ താമസിച്ചിരുന്ന പുല്ലുമേഞ്ഞ കെട്ടിടമാണിത്. പൊതുമരാമത്ത് ഈ തസ്തിക നിര്‍ത്തലാക്കിയതിന് ശേഷമാണ് ഈ വസ്തു കയ്യേറപ്പെട്ടത്.
ഈ തസ്തികയില്‍ മുമ്പ് ജോലി ചെയ്ത് വന്നയാളുടെ കുടുംബക്കാരാണ് ഇപ്പോള്‍ ഇവിടെ അനധികൃതമായി കയ്യേറിയിരിക്കുന്നത്. ഇടിഞ്ഞ് വീഴാറായ ഈ കെട്ടിടത്തിന്റെ മുന്‍ഭാഗം പടുതകൊണ്ട് മറച്ച് പിന്നില്‍ ഇഷ്ടിക ഉപയോഗിച്ച് പുതുതായി മുറികള്‍ നിര്‍മ്മിക്കുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ല. ഇതിനിടയില്‍ വ്യാജ ഓണര്‍ഷിപ്പ് പഞ്ചായത്തില്‍ നിന്നും സംഘടിപ്പിച്ച് വാട്ടര്‍ കണക്ഷനും കറന്റും ഇവര്‍ എടുത്തു. ടൗണിന്റെ ഹൃദ്യഭാഗത്ത് ലക്ഷങ്ങള്‍ വിലമതിക്കുന്ന വസ്തുവാണിത്. ഗതാഗതകുരുക്കുകൊണ്ട് വീര്‍പ്പ് മുട്ടുന്ന ടൗണില്‍ ഈ അനധികൃത കയ്യേറ്റം ഒഴിപ്പിച്ച് ടൗണ്‍ വികസനത്തിന് നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. പുതിയ പാലം നിര്‍മ്മിച്ചെങ്കിലും അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തിലെ പാക പിഴമൂലം ഉപയോഗിക്കാനാകാതെ കിടക്കുകയാണ് അത്. ഒരു വശത്തൂടി മാത്രമാണ് തിരക്കേറിയ സമയമായിട്ട്കൂടി നിലവില്‍ വാഹനം പുതിയ പാലത്തിലൂടെ കടത്തി വിടുന്നത്.
















