കരിപ്പൂര്‍: വിമാനയാത്രികരുടെ പ്രശ്നങ്ങള്‍ ഇനി ഒരു വിരല്‍ത്തുമ്പിലൂടെ പരിഹരിക്കാം. ടിക്കറ്റുനിരക്ക് തിരിച്ചുനല്കല്, വിമാനങ്ങളുടെ സമയക്രമം തെറ്റല്‍, ബാഗേജ് നഷ്ടമാകല്‍, മോശമായ പെരുമാറ്റം തുടങ്ങി യാത്രികര്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായി കേന്ദ്ര വ്യോമയാന മന്ത്രാലയം ‘എയര്‍സേവ’ എന്ന പുതിയ ആപ്പ് പുറത്തിറക്കി.
മൊബൈല്‍ ഫോണ്‍, വെബ് പോര്‍ട്ടല്‍ എന്നിവ വഴിയും യാത്രികര്‍ക്ക് പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം. പരാതികളുടെ ശബ്ദരേഖകളും വീഡിയോയും അപ്ലോഡ് ചെയ്യാം. പരാതികള്‍ക്ക് സമയബന്ധിതമായി മറുപടി നല്‍കും. എയര്‍സേവ ആപ്പില്‍ ലഭിക്കുന്ന പരാതികള്‍ അതത് കമ്പനികള്‍ക്ക് നേരിട്ടെത്തും. പരാതി രജിസ്റ്റര്‍ ചെയ്യുന്നതോടൊപ്പം യാത്രികര്‍ക്ക് ഒരു നമ്പര്‍ ലഭിക്കും. പരാതിയുമായി ബന്ധപ്പെട്ട വിഭാഗമോ, വിമാനക്കമ്പനിയോ അരമണിക്കൂറിനകം പരാതിക്കാരന് മറുപടി നല്കുന്ന വിധത്തിലുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
പരാതിക്കാരന് ഇമെയില്‍ വഴിയും മെസേജ് സംവിധാനം വഴിയും മറുപടി ലഭിക്കും. സമയമെടുത്ത് പരിഹരിക്കേണ്ട പരാതികളില്‍ ടോക്കണ്‍ നമ്പര്‍ ഉപയോഗിച്ച് യാത്രികന് തന്റെ പരാതിയുടെ നാള്‍വഴി പരിശോധിക്കാം. വിമാനത്താവള അതോറിറ്റി, സെക്യൂരിറ്റി, ഇമിഗ്രേഷന്‍, കസ്റ്റംസ്, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി തുടങ്ങി എല്ലാ എജന്‍സികളും സംവിധാനത്തിന്റെ ഭാഗമാകും.
















