ന്യൂദല്‍ഹി: നോട്ട് അസാധുവാക്കയതിന് ശേഷം സാമ്പത്തിക പരിഷ്കരണം ഏതാണ്ട് പൂര്‍ത്തിയായെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസ്. ബാങ്കുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അടുത്തുതന്നെ പിന്‍വലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബാങ്കുകളിലും എടിഎമ്മുകളിലും ആവശ്യത്തിന് പണം എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നോട്ട് നിരോധനം കൊണ്ട് ഉദ്ദേശിച്ച നേട്ടം ഉണ്ടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. 90 ദിവസം കൊണ്ട് തന്നെ പദ്ധതി വിജയമാണെന്നതിന്റെ സൂചനകളാണ് ഇത് കാണിക്കുന്നത്. സേവിങ് അക്കൗണ്ടില്‍ നിന്ന് നിലവില്‍ ഒരാഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24,000 രൂപയാണ്. ഇതൊഴിച്ചാല്‍ മറ്റെല്ലാ നിയന്ത്രണങ്ങളും എടുത്തു മാറ്റി. പിന്‍വലിക്കാവുന്ന തുകയിന്‍മേലുള്ള നിയന്ത്രണം കുറച്ചു കാലത്തേക്ക് മാത്രമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
നോട്ടുകളുടെ വിതരണവും നിയന്ത്രണവും റിസര്‍വ്വ് ബാങ്കിന്റെ ഉത്തരവാദിത്വമാണെന്നും അധികം താമസിയാതെ തന്നെ 24000 രൂപ പിന്‍വലിക്കുന്നതിന് കൊണ്ട് വന്ന നിയന്ത്രണം ആര്‍ ബി ഐ എടുത്തു കളയുമെന്നും അദ്ദേഹം പറഞ്ഞു.
















