ന്യൂദല്‍ഹി : പാക് അധീനപ്രദേശങ്ങളില്‍ ഇനിയും മിന്നലാക്രമണങ്ങള്‍ നടക്കാനുള്ള സാധ്യത തള്ളാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. പാക്കിസ്ഥാന്‍ ഇന്ത്യയുടെ അയല്‍ രാജ്യമാണെന്നും നല്ല മാറ്റം അവരില്‍ നിന്നും ഉണ്ടാകുകയാണെങ്കില്‍ മിന്നാലാക്രമണം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹാഫിസ് സയീദിനെതിരേ പാക്കിസ്ഥാന്‍ നിയമനടപടി സ്വീകരിക്കണമെന്നും ഒരു ദേശീയ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ രാജ്നാഥ് ആവശ്യപ്പെട്ടു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജെയ്ഷെ മുഹമ്മദ് തലവനുമായ ഹാഫിസ് സയീദിനെ വീട്ടുതടങ്കലില്‍ ആക്കിയാല്‍ മാത്രംപോരെന്നും അയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും രാജ്നാഥ് ആവശ്യപ്പെട്ടു.
പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന ദാവൂദ് ഇബ്രാഹിമിനെ തിരികെ കൊണ്ടു വരുമെന്ന തീരുമാനം വിജയിക്കുമെന്ന് പൂര്‍ണവിശ്വാസമുണ്ടെന്നും അത് ഇനി എപ്പോള്‍ വേണമെന്ന് തീരുമാനിച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















