ന്യൂദല്‍ഹി: എയര്‍സെല്‍-മാക്സിസ് അഴിമതിക്കേസില്‍ മാരന് സഹോദരന്മാരെ വെറുതേവിട്ട സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ സമീപിച്ചു. കേസുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയ വസ്തുവകകള്‍ തിരികെ നല്‍കരുതെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. എട്ടാം തീയതി കേസ് കോടതി പരിഗണിക്കും.
മുന്‍ കേന്ദ്രടെലികോം മന്ത്രി ദയാനിധിമാരന്, സഹോദരന് കലാനിധി മാരന് എന്നിവരുള്‍പ്പെടെ എല്ലാ പ്രതികളെയും സിബിഐ കോടതി കഴിഞ്ഞ ദിവസം വെറുതെവിട്ടിരുന്നു. കൂടാതെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രതികള്‍ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതി റദ്ദാക്കുകയും സണ്‍ ടിവി ഗ്രൂപ്പിന് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തിരുന്നു.
കേന്ദ്ര ടെലികോം മന്ത്രിയായിരുന്ന ദയാനിധിമാരന് തന്റെ ഓഫീസ് ദുരുപയോഗം ചെയ്ത് എയര്‍സെല്ലിനെ മാക്സിസ് ഗ്രൂപ്പിന് വിറ്റെന്നാണ് പരാതി. 2006ല്‍ നടന്ന വില്‍പ്പനയില്‍ 2011ലാണ് സിബിഐ പരാതി രജിസ്റ്റര്‍ ചെയ്യുന്നത്. എയര്‍സെല്‍ കമ്പനിയെ ടി.അനന്തകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള മലേഷ്യന്‍ കമ്പനിക്ക് നിസാര വിലയ്ക്ക് വാങ്ങുന്നതിനായി ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് മന്ത്രി ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ സമ്മര്‍ദ്ദത്തിലായ എയര്‍സെല്‍ മേധാവി മാക്സസിന് സ്ഥാപനം വില്‍ക്കുകയായിരുന്നു. 742.58 കോടി രൂപയുടെ നേട്ടം ഇതിലൂടെ ഉണ്ടാക്കുകയും ചെയ്തെന്നാണ് കേസ്.
ദയാനിധിമാരന്റെ സമ്മര്‍ദ്ദം മൂലമാണ് കമ്പനി വില്‍ക്കേണ്ടിവന്നതെന്ന് പറഞ്ഞ് എയര്‍സെല്‍ മുന്‍മേധാവി സി. ശിവശങ്കരന് രംഗത്തെത്തിയതോടെയാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. 742.58 കോടി രൂപ മാരന് സഹോദരങ്ങള്‍ക്ക് നല്‍കിയതായും ഇദ്ദേഹം പറഞ്ഞിരുന്നു.
















