കൊച്ചി: ജില്ലയുടെ നെല്ലറയെന്നറിയപ്പെടുന്ന തോട്ടറപ്പുഞ്ചയിലെ പരിശ്രമങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് കനാലുകളിലൂടെ പെരിയാര്‍ ജലമെത്തി. ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍ പ്രദേശത്തെ ഇരുന്നൂറോളം ഏക്കറിലാണ് ഒക്‌ടോബറില്‍ കൃഷിയിറക്കിയത്. മഴയുടെ കുറവ് കൃഷിയെ ബാധിക്കുമെന്ന ആശങ്കയ്‌ക്കിടയിലാണ് കനാലുകളിലെ തടസങ്ങള്‍ നീക്കി പെരിയാര്‍വാലി ജലസേചന പദ്ധതിയില്‍ നിന്നും വെള്ളമെത്തിയത്.
കൃഷി, ജലസേചന വകുപ്പുകളെ ഏകോപിപ്പിച്ച് കളക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ളയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം നടത്തിയ ശ്രമമാണ് ജലലഭ്യതയ്‌ക്ക് വഴിയൊരുക്കിയത്. ആമ്പല്ലൂരിനും എടയ്‌ക്കാട്ടുവയലിനും പുറമെ കോട്ടയം ജില്ലയിലെ വെള്ളൂര്‍ പഞ്ചായത്തിലൂം വ്യാപിച്ചു കിടക്കുന്ന തോട്ടറപ്പുഞ്ചയ്‌ക്ക് 1200 ഏക്കറോളമാണ് വിസ്തൃതി. ജില്ലയില്‍ ഉള്‍പ്പെടുന്ന പാടശേഖരങ്ങളില്‍ നിന്നും പുല്ലും പായലും കളയും നീക്കം ചെയ്ത് നിലമൊരുക്കാന്‍ കൂട്ടായ ശ്രമമാണ് ഉണ്ടായത്.
പായലും മാലിന്യങ്ങളും നിറഞ്ഞ തോടുകളിലെ നീരൊഴുക്ക് വീണ്ടെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
















