ന്യൂദല്‍ഹി: അസാധു നോട്ടുകള്‍ കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാക്കുന്ന ബില്‍ ലോക്സഭയില്‍. കോണ്‍ഗ്രസ്സിന്റെയും തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെയും എതിര്‍പ്പിനിടെയാണ് ദ സ്പെസിഫൈഡ് ബാങ്ക് നോട്ട്സ് (സെസേഷന്‍ ഓഫ് ലയബലിറ്റീസ്) ബില്‍ 2017 ധനമന്ത്രി ജയ്റ്റ്ലി അവതരിപ്പിച്ചത്. അസാധുവാക്കിയ നോട്ടുകള്‍ കൈവശം വെച്ചാല്‍ പതിനായിരം രൂപ വരെയോ പിടിച്ചെടുക്കുന്ന പണത്തിന്റെ അഞ്ചിരട്ടിയോ തുക പിഴയായി ഈടാക്കുന്നതാണു ബില്ലിലെ വ്യവസ്ഥ.
കള്ളപ്പണം തടയുന്നതിന് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശമനുസരിച്ചാണു നോട്ടു നിരോധനം നടപ്പാക്കിയതെന്ന് ബില്ലില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 1934ലെ റിസര്‍വ് ബാങ്ക് ചട്ടത്തില്‍ ഭേദഗതി വരുത്തിയാണ് നോട്ടു വിഷയത്തില്‍ കേന്ദ്രം നേരത്തെ ഓര്‍ഡിനന്‍സ് ഇറക്കിയത്. പഠനത്തിനും ഗവേഷണത്തിനുമായി നിരോധിച്ച നോട്ടുകള്‍ 25 എണ്ണം വരെ കൈവശം വെക്കാം. ലോക്സഭയില്‍ ബില്ല് അവതരിപ്പിക്കുന്നതിനെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയ് എതിര്‍ത്തു. എന്തടിസ്ഥാനത്തിലാണ് ബില്ലിനെ എതിര്‍ക്കുന്നതെന്ന് ജയ്റ്റ്ലിയും ചോദിച്ചതോടെ സഭയില്‍ വാക്കേറ്റമുണ്ടായി.
മുന്‍ മന്ത്രി ഇ. അഹമ്മദ് എംപിയുടെ മരണ വിവരം മറച്ചു വെക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഇരുസഭകളിലും പ്രതിപക്ഷം ബഹളംവെച്ചു. ഇത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ സുമിത്ര മഹാജന് അനുമതി നല്‍കിയില്ല. സ്പീക്കര്‍ ചോദ്യോത്തര വേളയുമായി മുന്നോട്ട് പോയതോടെ പ്രതിപക്ഷം നടുത്തളലിറങ്ങി ബഹളം വെച്ചു. തുടര്‍ന്ന് സഭ 12 മണിവരെ നിര്‍ത്തിവെച്ചു. പിന്നീട് പുനരാരംഭിച്ചപ്പോഴും ബഹളമായതിനാല്‍ സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.
ചിട്ടി ഫണ്ട് വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളും ബഹളമുയര്‍ത്തി. രാജ്യസഭയില്‍ സിപിഎം നേതാവ് സീതാറാം യെച്ചൂരിയും പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും വിഷയമുന്നയിച്ചു. പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന സ്വകാര്യ ബില്‍ എന്‍ഡിഎ കേരള വൈസ് ചെയര്‍മാനായ രാജീവ് ചന്ദ്രശേഖര്‍ അവതരിപ്പിച്ചു.
















