ന്യൂദല്‍ഹി : യുപിഎ എന്‍ഡിഎ സര്‍ക്കാരുകള്‍ തന്നെ ഫുട്ബോള്‍ പോലെ തട്ടിക്കളിക്കുകയായിരുന്നുവെന്ന് വിവാദ വ്യവസായി വിജയ് മല്ല്യ. മാധ്യമങ്ങളെ ഉപയോഗിച്ചാണ് സര്‍ക്കാരുകള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത്. മല്ല്യയെ ലണ്ടനില്‍ നിന്നും തിരികെയെത്തിക്കാനുള്ള സിബിഐയുടെ നീക്കത്തിനെതിരെ ട്വിറ്ററിലൂടെയാണ് ഈ പരാമര്‍ശം നടത്തിയത്.
നിയമത്തിനു മുമ്പില്‍ ഹാജരാകാതെ രാജ്യം വിട്ടവരുടെ സ്വത്തുവകകളും മറ്റും കണ്ടുകെട്ടാനുള്ള കര്‍ശ്ശന നടപടി സ്വീകരിക്കുമെന്ന് ബജറ്റില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അറിയിച്ചിരുന്നു. എന്നാല്‍ തനിക്കെതിരെ സിബിഐ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും മല്ല്യ കുറ്റപ്പെടുത്തി.
കിങ്ഫിഷര്‍ വിമാനക്കമ്പനിയുടെ പേരില്‍ വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി വായ്പ്പയെടുത്തതിനെ തുടര്‍ന്ന് നടപടികള്‍ ആരംഭിച്ചപ്പോഴാണ് മല്ല്യ ലണ്ടനിലേക്ക് കടന്നത്.
















