ചെന്നൈ: ജീവനുളള പാറ്റയെ തലച്ചോറിന് തൊട്ടടുത്ത് തലയോട്ടിയില്‍ നിന്ന് നീക്കം ചെയ്തു.
ചെന്നൈ സ്വദേശിയായ സെല്വിയില് നിന്നാണ് പാറ്റയെ നീക്കം ചെയ്തത്. സ്റ്റാന്‍ലി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോ. എം.എന്‍ ശങ്കര്‍ എന്ന ഇഎന്‍ടി വിദഗ്ദ്ധന്റെ നേതൃത്വത്തിലുളള സംഘമാണ് ശസ്ത്രക്രിയ നിര്‍വഹിച്ചത്. മുപ്പത് കൊല്ലം നീണ്ട ഔദ്യോഗിക ജീവിതത്തിനിടയില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നും അദ്ദേഹം പറഞ്ഞു.
ഉറങ്ങിക്കിടക്കുമ്പോഴാണ് സെല്‍വി(42)യുടെ മൂക്കില്‍ പാറ്റ കയറിയത്. തിരിച്ചിറങ്ങാനോ അനങ്ങാനോ കഴിയാത്ത വിധം കണ്ണുകളുടെയും തലച്ചോറിന്റെയും ഇടയില്‍ കുടുങ്ങുകയായിരുന്നു. വീട്ടുജോലി ചെയ്ത് കഴിയുന്നയാളാണ് സെല്‍വി. അര്‍ദ്ധരാത്രിയില്‍ വല്ലാത്ത അസ്വസ്ഥത തോന്നിയാണ് ഇവര്‍ ഉണര്‍ന്നത്. പിന്നീട് വേദനയും അസഹ്യമായി. തുടര്‍ന്ന് ഇവരുടെ മരുമകന് അടുത്തുളള ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് അവര്‍ വിട്ടു. അവിടെ നിന്നാണ് സ്റ്റാന്‍ലി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയത്.
ആദ്യത്തെ ഡോക്ടര്‍ പ്രശ്നമൊന്നുമില്ലെന്നാണ് കണ്ടെത്തിയത്. രണ്ടാമത്തെയാള്‍ മൂക്കിനുളളില്‍ എന്തോ വളര്‍ച്ചയുണ്ടെന്ന് കണ്ടെത്തി. എന്തോ മൂളലുണ്ടെന്ന് ഡോക്ടറോട് പറഞ്ഞതായും സെല്‍വി വ്യക്തമാക്കി.
സ്റ്റാന്‍ലിയിലെ ഡോക്ടര്‍മാരാണ് എന്തോ പ്രാണി കടന്നതായി മനസിലാക്കിയത്. ചെവിയിലൂടെയോ മൂക്കിലൂടെയോ ആകാം അത് കയറിയതെന്നും അവര്‍ പറഞ്ഞു. എന്‍ഡോസ്കോപ്പി നടത്തിയപ്പോള്‍ കണ്ടെത്തിയ ജീവനുളള പാറ്റ അവരെയും സ്തബ്ധരാക്കി. ഇത് അവിടെയിരുന്ന് ചത്താല്‍ സെല്‍വിയ്ക്ക് അണുബാധയുണ്ടാകുകയും അത് തലച്ചോറിലേക്ക് വ്യാപിക്കുകയും ചെയ്തേനെ.
വാക്വം സക്ഷന്‍ വഴി വലിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് 45 മിനിറ്റ് നീണ്ട എന്‍ഡോസ്കോപ്പിയിലൂടെ ഇതിനെ പുറത്തെടുക്കുകയായിരുന്നു. ഇത് മുകളിലേക്ക് നീങ്ങിയിരുന്നെങ്കില്‍ തലച്ചോറില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുമായിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു.
















