ഇരിട്ടി: ഇരിട്ടി വെറ്ററിനറി പോളീക്ലിനിക്കിന്റെ രണ്ടാം നിലയുടെ നിര്‍മ്മാണ പ്രവര്‍ത്തനം പാതി വഴിയില്‍ നിലച്ചു. ഇതുമൂലം ക്ലിനിക്കിന്റെ ദൈനംദിന പ്രവര്‍ത്തനം ദുരിതത്തിലായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിവിധ ആവശ്യങ്ങള്‍ക്കായി ക്ലിനിക്കിന്റെ രണ്ടാം നില പണിയുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇതിന്റെ പ്രവര്‍ത്തികള്‍ ഇരിട്ടി പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചത്. ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും താമസത്തിനുള്ള സൗകര്യമൊരുക്കുക, ആധുനിക സൗകര്യങ്ങളോടെയുള്ള ലാബ്, കന്നുകാലി കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണം നടത്താന്‍ സൗകര്യമൊരുക്കുക തുടങ്ങിയവയാണ് ഇതില്‍ ഉദ്ദേശിച്ചിരുന്നത്. 42 ലക്ഷം രൂപയാണ് പദ്ധതിക്കായി വിലയിരുത്തിയത്.
എന്നാല്‍ മുകളിലേക്ക് കയറാനായി നിര്‍മ്മിക്കുന്ന ഗോവണിപ്പടിയുടെ ഒരുഭാഗം കോണ്ക്രീറ്റ് ചെയ്യുകയും മുകളിലെ നിലയുടെ ഏതാനും തൂണുകള്‍ നിര്‍മ്മിക്കുകയും ചെയ്തതല്ലാതെ മറ്റു പ്രവര്‍ത്തികളെല്ലാം നിലച്ചിട്ട് ആറുമാസം കഴിഞ്ഞു. മുകളിലേക്ക് കയറാന്‍ നിര്‍മ്മിച്ച ഗോവണിപ്പടിയുടെ മുകള്‍ ഭാഗത്ത് എതാനും ആസ്ബസ്റ്റോസ് ഷീറ്റുകള്‍ നിരത്തി വച്ചതല്ലാതെ യാതൊരുവിധ സംരക്ഷണവുമില്ലാതെ തുറന്ന കിടക്കുന്ന അവസ്ഥയിലാണുള്ളത്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ മുറിക്കുള്ളിലേക്ക് വെള്ളം കയറി ഡോക്ടറുടെ പരിശോധനാമുറി, ആശുപത്രിയുടെ ഓഫീസ് എന്നിവയിലെല്ലാം വെള്ളം കയറുകയും ചെയ്തു. വാര്‍പ്പില്‍ നിന്നും ഇളകി മാറി നില്‍ക്കുന്ന പലകകള്‍ ഏതു നേരത്തും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. നിലച്ചുപോയ നിര്‍മ്മാണ പ്രവൃത്തി എത്രയും വേഗം പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















