കണ്ണൂര്‍: സംസ്ഥാനത്ത് അരിവില കുത്തനെ ഉയരുമ്പോള്‍ റേഷന്‍ കടകള്‍ വഴി സാധാരണക്കാര്‍ക്ക് ലഭ്യമാക്കേണ്ട റേഷനരി വ്യാപകമായി മറിച്ചുവില്‍പന നടക്കുന്നതായി സൂചന. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം റേഷന്‍ കടകളിലൂടെ വിതരണം ചെയ്യേണ്ട അരിയാണ് ഏജന്റുമാര്‍ മുഖേന വാങ്ങി കര്‍ണ്ണാകടകയിലെത്തിച്ച് നിറം ചേര്‍ത്ത് മുന്തിയ ഇനം പാലക്കാടന്‍ മട്ട അരിയാക്കി കേരളത്തിലെത്തിച്ച് വില്‍പന നടത്തുന്നത്. കഴിഞ്ഞ ദിവസം ഇരിട്ടിക്കടുത്ത് വള്ളിത്തോട് വെച്ച് പോലീസ് പിടികൂടിയ നൂറ് ചാക്ക് അരി റേഷനരിയാണെന്നാണ് ലഭിക്കുന്ന സൂചന. വാഹന പരിശോധനക്കിടയിലാണ് അരി പിടികൂടിയത്. സാധാരണ നിലയില്‍ കര്‍ണ്ണാടകയില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കാണ് അരിയെത്തുന്നത്. കേരളത്തേക്കാളും അരിക്ക് വിലകുറവ് ഇതര സംസ്ഥാനങ്ങളിലാണ്. അതുകൊണ്ടുതന്നെയാണ് അവിടങ്ങളില്‍ നിന്നും അരി കേരളത്തിലെത്തിക്കുന്നത്. എന്നാല്‍ കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് അരി കടത്താന്‍ ശ്രമിച്ചതാണ് അധികൃതരില്‍ സംശയം ഉണര്‍ത്തിയത്.
കേരളത്തിലെ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യേണ്ട അരി നിശ്ചിത വില നല്‍കി ഏജന്റുമാര്‍ വാങ്ങി കര്‍ണ്ണാടകത്തിലെ കേന്ദ്രങ്ങളിലെത്തിക്കുകയും അവിടെ നിന്നും പ്രത്യേക നിറം ചേര്‍ത്ത് പാലക്കാടന്‍ മട്ടയുടെ രൂപത്തിലാക്കി മാറ്റി പ്രത്യേക ലാബലില്‍ കേരളത്തില്‍ തന്നെ വില്‍പന നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്. അരി പിടികൂടിയതിന് ശേഷം സപ്ലൈ ഓഫീസ് അധികൃതരുടെ നടപടി ഇത് ശരിവെക്കുന്നതാണ്. ഗോഡൗണുകളില്‍ നിന്നും മൊത്തമായും റേഷന്‍ കടകള്‍ അരി ശേഖരിക്കുന്ന വന്‍ സംഘം തന്നെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന. ഇരിട്ടിയില്‍ അരി പിടികൂടിയ സംഭവം ഉന്നത ഇടപെടലുകളിലൂടെ തേച്ചുമാച്ചുകളയാനും ശ്രമം നടക്കുന്നുണ്ട്. കേന്ദ്രം അരിവിഹിതം വെട്ടിക്കുറച്ചു എന്ന് ആരോപിച്ച് മുതലക്കണ്ണീരൊഴുക്കുന്ന സിപിഎമ്മും മറ്റു പാര്‍ട്ടികളും കേരളത്തിലെ പാവങ്ങള്‍ക്ക് വിതരണം ചെയ്യാനെത്തിക്കുന്ന അരി ഇത്തരത്തില്‍ കടത്തുന്നത് കണ്ടില്ലെന്നു നടിക്കുകയാണ്. പൊതുമാര്‍ക്കറ്റില്‍ അരിവില കുത്തനെ കൂടിയിട്ടും വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. ഇതിനിടയിലാണ് അരിക്കടത്ത് ലോബികളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
















