കണ്ണൂര്‍: സംസ്ഥാനത്തെ തുറമുഖങ്ങളില്‍ കപ്പലുകളുടെയും യാനങ്ങളുടെയും സുഗമമായ സഞ്ചാരത്തിനു ചാനലിന്റെയും ബേസിനിന്റെയും ആഴം നിലനിര്‍ത്തുതിനു രൂപീകരിച്ച കരട് മാനുവല്‍ ഡ്രഡ്ജിംഗ് നയം മന്ത്രിസഭായോഗം അംഗീകരിച്ചു. നിലവില്‍ പൊന്നാനി തുറമുഖത്ത് നടപ്പിലാക്കിയ രീതി മാതൃകയായെടുത്ത് പൊതുനയം രൂപീകരിക്കുന്നതിന്റെ ഭാഗമാണിത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഡ്രഡ്ജിങ്ങ് അനുമതി നല്‍കുന്നതാണ് ഈ രീതി. കാസര്‍കോട്, മഞ്ചേശ്വരം, അഴീക്കല്‍, നീലേശ്വരം. തലശ്ശേരി, വടകര, ബേപ്പൂര്‍, പൊന്നാനി, കൊടുങ്ങല്ലൂര്‍ എന്നീ ഒന്‍പത് തുറമുഖങ്ങളിലാണ് മാന്വല്‍ ഡ്രഡ്ജിങ്ങ് നടക്കുന്നത്. ഓപ്പണ്‍ ടെണ്ടര്‍ മുഖാന്തരം തെരഞ്ഞെടുക്കുന്ന സഹകരണ സംഘങ്ങളാണു 2010 മുതല്‍ വിവിധ തുറമുഖങ്ങളില്‍ മാന്വല്‍ ഡ്രഡ്ജിങ് നടത്തിവരുന്നത്. ഇത് ക്രമക്കേടുകള്‍ക്കിട നല്‍കുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പൊന്നാനി തുറമുഖത്തു മാന്വല്‍ ഡ്രഡ്ജിങിനുള്ള അനുമതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കി നേരത്തേ ഉത്തരവ് വന്നിരുന്നു. തുറമുഖ വകുപ്പിന് സാമ്പത്തിക ബാധ്യത വരാത്ത നിലയില്‍ തുറമുഖങ്ങളുടെ ആഴം നിലനിര്‍ത്താനും മണല്‍ വാരി ഉപജീവനം നയിക്കുന്നവര്‍ക്ക് തൊഴില്‍ നല്‍കാനും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മണല്‍ ലഭ്യമാക്കാനും നിയമപരമല്ലാത്ത മണല്‍ വാരല്‍ തടയാനും ഇതുമൂലം സാധിക്കും. മാന്വല്‍ ഡ്രഡ്ജിംഗ് പ്രവൃത്തി റിജിയണല്‍ പോര്‍ട്ട് ഓഫീസ് തലത്തില്‍ എല്ലാ മാസവും തുറമുഖ ഡയറക്ടര്‍ തലത്തില്‍ മൂന്നുമാസത്തിലൊരിക്കലും അവലോകനം നടത്തും.
















