ബെംഗളൂരു: ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്ക് പിന്നാലെ ട്വന്റി 20യും ഇന്ത്യക്ക്. ഇന്നലെ നടന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യ 75 റണ്‍സിന് ഇംഗ്ലണ്ടിനെ തകര്‍ത്തു. ഇതോടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. സ്‌കോര്‍: ചുരുക്കത്തില്‍: ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റിന് 202. ഇംഗ്ലണ്ട് 16.3 ഓവറില്‍ 127ന് പുറത്ത്.
സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിന്റെ തകര്‍പ്പന്‍ ബൗളിങ്ങാണ് ഇന്ത്യക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടുനല്‍കി ആറ് വിക്കറ്റുകളാണ് ചഹല്‍ വീഴ്‌ത്തിയത്. ബുംറ മൂന്നു വിക്കറ്റും വീഴ്‌ത്തി. ഒരുഘട്ടത്തില്‍ രണ്ടിന് 119 എന്ന നിലയില്‍ നിന്നാണ് 127-ല്‍ ഇംഗ്ലണ്ട് പുറത്തായത്. അവസാന എട്ട് വിക്കറ്റുകള്‍ വെറും ഒമ്പത് റണ്‍സിനിടെയാണ് നഷ്ടമായത്. ചഹല്‍ മാന്‍ ഓഫ് ദി മാച്ച്.
മൂന്നുപേര്‍ മാത്രം രണ്ടക്കം കടന്ന ഇന്നിങ്ങ്‌സില്‍ 42 റണ്‍സെടുത്ത ജോ റൂട്ട് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ മോര്‍ഗന്‍ 40ഉം ജാസണ്‍ റോയ് 32ഉം റണ്‍സെടുത്തു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഇന്നലെയും മോശം തുടക്കമാണ് ലഭിച്ചത്. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ക്യാപ്റ്റന്‍ കോഹ്‌ലി പുറത്ത്. രണ്ട് റണ്ണെടുത്ത കോഹ്‌ലിയെ ജോര്‍ദാന്‍ റണ്ണൗട്ടാക്കി. തുടര്‍ന്ന് ലോകേഷ് രാഹുലിനൊപ്പം റെയ്‌ന ചേര്‍ന്നതോടെ ഇന്ത്യന്‍ ഇന്നിങ്ങ്‌സിന് ജീവന്‍വച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 61 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 18 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത രാഹുല്‍ സ്‌റ്റോക്ക്‌സിന്റെ പന്തില്‍ ബൗള്‍ഡായതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു.
തുടര്‍ന്നെത്തിയ ധോണി റെയ്‌നക്ക് മികച്ച പിന്തുണ നല്‍കി. ഇംഗ്ലണ്ട് ബൗളര്‍മാരെ കടന്നാക്രമിച്ച ഇരുവരും ചേര്‍ന്ന് സ്‌കോറിങ്ങിന് വേഗം കൂട്ടി. ഒടുവില്‍ സ്‌കോര്‍ 120-ല്‍ എത്തിയപ്പോള്‍ ഈ കൂട്ടുകെട്ടും പിരിഞ്ഞു. 45 പന്തില്‍ നിന്ന് രണ്ട് ഫോറും അഞ്ച് സിക്‌സറുമടക്കം 63 റണ്‍സെടുത്ത റെയ്‌നയെ പ്ലങ്കറ്റിന്റെ പന്തില്‍ മോര്‍ഗന്‍ പിടികൂടി. തുടര്‍ന്ന് ക്രീസിലെത്തിയത് യുവരാജ്. 10 പന്തില്‍ നിന്ന് 1 ഫോറും മൂന്ന് സിക്‌സറുമടക്കം 27 റണ്‍സെടുത്ത് യുവി സ്‌കോറിങ്ങിന് റോക്കറ്റ് വേഗം നല്‍കി. സ്‌കോര്‍ 177-ല്‍ എത്തിയപ്പോള്‍ മില്‍സിന്റെ പന്തില്‍ ബട്ട്‌ലര്‍ക്ക് ക്യാച്ച് നല്‍കി യുവിയും മടങ്ങി.
അധികം കഴിയും മുന്നേ 36 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സറുമടക്കം 56 റണ്‍സെടുത്ത ധോണിയെ ജോര്‍ദാനും പുറത്താക്കി. പിന്നീട് നാല് പന്തില്‍ നിന്ന് 11 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയും 6 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അരങ്ങേറ്റക്കാരന്‍ റിഷഭ് പാന്തും ചേര്‍ന്ന് സ്‌കോര്‍ 200 കടത്തി.
















