യെമന് എന്നുകേള്‍ക്കുമ്പോള്‍ പണ്ട് ചരിത്രത്തിന്റെയും സംസ്‌ക്കാരത്തിന്റെയും തൊങ്ങലുകള്‍ ചാര്‍ത്തിയ ദേശം എന്നായിരുന്നു എല്ലാവരുടേയും മനസില്‍. അത്ര പ്രത്യേകതയുണ്ടായിരുന്നു യെമന്. പിന്നെ പിന്നെ അതെല്ലാം അശാന്തിയും ഭീകരതയും മാത്രം വിളയുന്നതായി. അല്‍ക്വയ്ദയും ഒസാമ ബിന്‍ ലാദനുമൊക്കെയായി ആ സ്ഥാനത്ത്.
അല്‍ക്വയ്ദയുടെ അപ്പോസ്തലനായ ലാദന്റെ പൂര്‍വ പിതാക്കള്‍ യെമനികളാണ്. പിന്നീട് അവര്‍ സൗദി അറേബേയയിലേക്കു പോയതായിരുന്നു. മുറിവും മരണവും തോക്കും ബോംബും മാത്രമുള്ളതായിരിക്കുന്നു ഇന്ന് യെമന്‍. ഇപ്പോള്‍ മറ്റൊന്നുകൂടി കേള്‍ക്കുന്നു. പട്ടിണി.
ആഭ്യന്തര കലഹത്തിന്റെ പ്രത്യാഘാതമാണ് പട്ടിണി. നേരത്തേയും പ്രശ്‌നങ്ങളുണ്ടെങ്കിലും 1915ഓടുകൂടി കലുഷിതമാകുകയായിരുന്നു. സര്‍ക്കാരും വിമതരും തമ്മിലാണ് പ്രശ്‌നം. സര്‍ക്കാര്‍ സേനയ്‌ക്കെതിരെ വിമതര്‍ക്കു പിടിച്ചു നില്‍ക്കാനാവുന്നില്ല. ദിവസവും അനേകം കുട്ടികളാണ് ഭക്ഷ്യക്ഷാമംകൊണ്ടു മരിക്കുന്നത്. ഭക്ഷണംകൊണ്ടുമാത്രം പിടിച്ചു നിര്‍ത്താവുന്ന മരണമാണിത്. 20ലക്ഷത്തോളം പേര്‍ പട്ടിണികൊണ്ട് വലയുകയാണെന്നാണ് യുഎന്റെ റിപ്പോര്‍ട്ട്. പെട്ടെന്നെന്തെങ്കിലും ചെയ്തില്ലെങ്കില്‍ വലിയൊരു ദുരന്തം കാണേണ്ടിവരുമെന്നാണ് യുഎന്റെ ആശങ്ക. ഒരുകോടിയിലധികംപേര്‍ ഇങ്ങനെ പട്ടിണിയുടെ വക്കത്താണെന്നും പറയപ്പെടുന്നു.
നാളുകളായി പട്ടിണികൊണ്ട് നട്ടം തിരിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യെമന്‍ വന്നത് യാദൃഛികമല്ല. ഭീകരതയും ആഭ്യന്തര യുദ്ധവും കൊടികുത്തി വാഴുന്ന നാടുകള്‍ക്കെല്ലാം സംഭവിക്കുന്ന സ്വാഭാവിക വിനാശമാണിതെന്നു മാത്രം. ചില ഏഷ്യന്‍ ആഫ്രിക്കന്‍, അറബി രാജ്യങ്ങളില്‍ ഇത്തരം ദരിദ്രാവസ്ഥ നിലനില്‍ക്കുന്നുണ്ട്. പണ്ടേ തന്നെ കോംഗോ, ഹെയ്തി, സുഡാന്‍, സോമാലിയ, എത്യോപിയ തുടങ്ങി രാജ്യങ്ങളില്‍ പതിവുള്ളതാണ് ആഭ്യന്തര യുദ്ധങ്ങളും അതിന്റെ ഫലമായി ഉണ്ടാകുന്ന പട്ടിണിയും. ഭക്ഷ്യവിഭവ സമാഹരണം കുറയുകയും ജനസംഖ്യ വര്‍ധിക്കുകയും ചെയ്യുന്നത് സ്വാഭാവികവും.
















