മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയതിനു പിന്നാലെ റോജര്‍ ഫെഡറര്‍ക്ക് എടിപി റാങ്കിങ്ങില്‍ വന്‍ മുന്നേറ്റം. നേരത്തെ 17-ാമതായിരുന്ന ഫെഡര്‍ ഏറ്റവും പുതിയ റാങ്കിങ്ങില്‍ 10-ാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ഫെഡററോട് പരാജയപ്പെട്ടെങ്കിലും സ്പാനീഷ് താരം റാഫേല്‍ നദാലും റാങ്കിങ്ങ് മെച്ചപ്പെടുത്തി. മൂന്നു സ്ഥാനം മെച്ചപ്പെടുത്തിയ നദാല്‍ ആറാം റാങ്കിലേക്ക് ഉയര്‍ന്നു.
പുതിയ റാങ്കിങ്ങിലും ബ്രിട്ടന്റെ ആന്‍ഡി മുറെയാണ് ഒന്നാമത്. സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് രണ്ടാമതും. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ പരാജയപ്പെട്ട സ്റ്റാനിസ്ലാസ് വാവ്‌റിങ്ക ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. സെമിയില്‍ ഫെഡററോടാണ് വാവ്‌റിങ്ക പരാജയപ്പെട്ടത്. നേരത്തെ മൂന്നാമതായിരുന്ന മിലോസ് റാവോനിക്ക് ഒരു സ്ഥാനം താഴേക്കിറങ്ങി നാലാമത്.
ഡബ്ല്യുടിഎ റാങ്കിങ്ങില്‍ സെറീന വില്ല്യംസ് ഒന്നാമത്. നേരത്തെ ഒന്നാമതായിരുന്ന ജര്‍മ്മനിയുടെ ആഞ്ചലിക് കെര്‍ബറെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഓസ്‌ട്രേലിയന്‍ ഒപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നേടിയ സെറീന ഒന്നാം സ്ഥാനത്തേക്കുയര്‍ന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടറിലെത്തിയ കരോളിന പ്ലിസ്‌കോവ രണ്ട് സ്ഥാനം മുന്നേറി മൂന്നാമതെത്തി.
വിരമിക്കില്ല: ഫെഡറര്‍
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നേടിയ സ്വിസ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കാന്‍ ഒരുങ്ങുന്നതായുള്ള അഭ്യൂഹങ്ങള്‍ തള്ളി. അടുത്ത വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണിലും കളിക്കുമെന്ന് ഫെഡറര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കിരീടം നേടിയശേഷം അടുത്ത വര്‍ഷം മെല്‍ബണില്‍ കളിച്ചില്ലെങ്കിലും ഓസ്‌ട്രേലിയന്‍ ഓപ്പണിലെ അഞ്ചാം കിരീടം തന്നെ സന്തോഷവാനാക്കിയെന്ന റോജര്‍ ഫെഡററുടെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചത്.
എന്നാല്‍ ഐതിഹാസിക നേട്ടത്തിന്റെ അടുത്ത ദിവസം അഭ്യൂഹങ്ങളെല്ലാം തള്ളിയ ഫെഡറര്‍ 2018ലും ഓസ്‌ട്രേലിയന്‍ ഓപ്പണിനുണ്ടാകുമെന്ന് വ്യക്തമാക്കി.
















