ഇംഫാല്‍: ബോക്‌സിങ്ങ് റിങ്ങില്‍ ഇടിമുഴക്കം തീര്‍ത്ത ഇന്ത്യന്‍ താരം ഡിങ്കോ സിങ്ങ് അര്‍ബുദ ചികിത്സക്കായി സ്വന്തം വീട് വിറ്റു. 1998ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസിന്റെ ബാന്റംവെയ്റ്റ് വിഭാഗത്തില്‍ ഇന്ത്യയ്‌ക്ക് വേണ്ടി സ്വര്‍ണ്ണം നേടിയ ഡിങ്കോ സിംഗാണ് ചികിത്സിക്കാന്‍ പണമില്ലാതെ ഇംഫാലിലെ വീട് വിറ്റത്. 1998-ല്‍ അര്‍ജുന അവാര്‍ഡും 2013-ല്‍ പദ്മശ്രീയും നല്‍കി രാജ്യം ആദരിച്ച താരം കൂടിയാണ് സഹായിക്കാനാരുമില്ലാതെ ചികിത്സക്കായി വീട് വില്‍ക്കാന്‍ നിര്‍ബന്ധിതനായത്.
ഡിങ്കോയുടെ കരളിനാണ് അര്‍ബുദം ബാധിച്ചിരിക്കുന്നത്. ജനുവരിയില്‍ ഒരു ശസ്ത്രക്രിയയിലൂടെ കരളിന്റെ എഴുപത് ശതമാനവും മുറിച്ച് മാറ്റി. സര്‍ക്കാരില്‍ നിന്ന് യാതൊരു സഹായവും ഇനിയും ലഭിച്ചിട്ടില്ല. ഇതിനകം ചികിത്സയ്‌ക്കായി പത്ത് ലക്ഷം രൂപ ചെലവിട്ടതായി സിംഗിന്റെ ഭാര്യ ബാബായി നാന്‍ഗോം പറയുന്നു. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്.
ദല്‍ഹിയിലെ കരള്‍ ചികിത്സാ കേന്ദ്രത്തില്‍ ശസ്ത്രക്രിയയ്‌ക്ക് ശേഷം റിപ്പബ്ലിക് ദിനത്തിലാണ് ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്. ദല്‍ഹിയിലെ ഒരുസുഹൃത്തിന്റെ വസതിയിലാണ് ഇപ്പോള്‍ താമസം. ഇദ്ദേഹത്തിന് കീമോ തെറാപ്പിയും ഉടന്‍ തുടങ്ങും.
സായിയില്‍ നിന്ന് അമ്പതിനായിരം രൂപ ലഭിച്ചിട്ടുണ്ട്. ചെലവായ മുഴുവന്‍ തുകയും ഉടന്‍ തന്നെ അധികൃതര്‍ നല്‍കുമെന്നാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ.
അതീവഗുരുതരമായ സ്ഥിതിയിലാണ് രോഗം. കീമോതെറാപ്പിക്ക് ശേഷം തനിക്ക് സാധാരണ നിലയിലേക്ക് മടങ്ങാനാകുമെന്നും ഭാവി തലമുറയെ പരിശീലിപ്പിക്കാനാകുമെന്നുമാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ. ആവശ്യത്തിന് പണമില്ലാത്തതിനാല്‍ ദല്‍ഹി എയിംസ് അധികൃതര്‍ ഇദ്ദേഹത്തെ ചികിത്സിക്കാന്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്. സിംഗിന്റെ ആരാധകരിലൊരാളായ ആശുപത്രി ജീവനക്കാരന്റെ അപേക്ഷയെ തുടര്‍ന്നാണ് പിന്നീട് ഇവിടെ പ്രവേശിപ്പിച്ചത്. എന്നാല്‍ പിന്നെയും ഇദ്ദേഹത്തിന് കിടക്ക നിഷേധിക്കപ്പെട്ടു.
















