ചെന്നൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കായുള്ള ദക്ഷിണമേഖലാ ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. കഴിഞ്ഞ ദിവസം കര്‍ണാടകയോട് പരാജയപ്പെട്ട കേരളം ഇന്നലെ ഹൈദരാബാദിനോട് അഞ്ച് റണ്ണിന് തോറ്റു.
ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് 7 വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ഹൈദരാബാദ് ഇന്നിങ്ങ്‌സില്‍ 46 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കെ. സുമന്ത് ടോപ് സ്‌കോറര്‍. 29 റണ്‍സെടുത്ത എസ്. ബദരീനാഥും 25 റണ്‍സെടുത്ത മെഹ്ദി ഹസ്സനും തരക്കേടില്ലാത്ത സംഭാവന നല്‍കി. മറ്റാരും തന്നെ രണ്ടക്കം കടന്നതുമില്ല. കേരളത്തിനായി ഫാബിദ് അഹമ്മദ് മൂന്നും വിനോദ്കുമാര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് വിഷ്ണു വിനോദും (28 പന്തില്‍ 37), ജലജ് സക്‌സേനയും (41 പന്തില്‍ 34) ഒന്നാം വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മികച്ച തുടക്കം നല്‍കിയെങ്കിലും അത് മുതലാക്കാന്‍ കഴിഞ്ഞില്ല. സഞ്ജു സാംസണ്‍ 27ഉം സച്ചിന്‍ ബേബി 11ഉം റണ്‍സെടുത്തു.
















