ന്യൂദല്‍ഹി: കൊടും ഭീകരനും ലഷ്‌ക്കര്‍ ഇ തൊയ്ബ സ്ഥാപകനും ജമാ അത്ത് ഉദ് ദവ മേധാവിയുമായ ഹാഫീസ് സയീദിനെതിരെ പാക്കിസ്ഥാന്‍ വിശ്വസനീയ നടപടിയെടുക്കണമെന്ന് ഭാരതം. എങ്കില്‍ മാത്രമേ പാക്കിസ്ഥാന്റെ ആത്മാര്‍ഥത വ്യക്തമാകൂ. വീട്ടു തടങ്കലില്‍ വയ്‌ക്കുന്നതു പോലുള്ള പ്രഹസന നടപടികള്‍ മുന്‍പും അവര്‍ കൈക്കൊണ്ടിട്ടുണ്ട്. അതിനാല്‍ അത്തരം നടപടികളില്‍ കാര്യമില്ല. വിശ്വസനീയ നടപടിയാണ് വേണ്ടത്. വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററില്‍ പ്രതികരിച്ചു.
ഹാഫീസ് സയീദിനെ ആറു മാസത്തേക്ക് ലാഹോര്‍ പോലീസ് വീട്ടു തടങ്കലിലാക്കിയെന്നാണ് വാര്‍ത്തകള്‍. അമേരിക്കയുടെ കടുത്ത നിലപാടാണ് ഇതിനു കാരണമെന്ന് കരുതുന്നു.
അഭയാര്‍ത്ഥികളെ വിലക്കിയ അമേരിക്ക ആ പട്ടികയില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്തിയേക്കുമെന്ന് വൈറ്റ് ഹൗസില്‍ നിന്ന് സൂചന നല്‍കി. തുടര്‍ന്നാണ് പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഫലാ-ഇ-ഇന്‍സാനിയാത്ത, ജമാ അത്ത്-ഉദ് ദവ എന്നീ സംഘടനകള്‍ക്കെതിരെ നടപടിയെടുത്തത്.
2008 ലെ മുംബൈ ഭീകരാക്രമണ സൂത്രധാരനാണ് അറസ്റ്റിലായ ഹഫീസ് സയീദ്. ഇയാള്‍ക്കെതിരെ ഇന്ത്യ തെളിവുകള്‍ പുറത്തുവിട്ടിട്ടും നടപടിയൊന്നും കൈക്കൊള്ളാന്‍ പാക്ക് സര്‍ക്കാര്‍ തയാറായിരുന്നില്ല. അമേരിക്കയുടെ ഭീഷണിയാണ് അറസ്റ്റിന് കാരണമെന്ന് പാക്ക് മാധ്യമമായ ദ ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാക്കിസ്ഥാനിലെ ജൈമ ക്വാസിദ ചൗബുര്‍ജിയിലാണ് സയീദിനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. സംഘടനയുടെ പ്രവര്‍ത്തകരായ മറ്റു നാലു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യാ ഗവണ്‍മെന്റിനെ പ്രീതിപ്പെടുത്താനാണ് ലാഹോര്‍ പോലീസിന്റെ നടപടിയെന്ന് ജൂഡ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.
സയീദിന്റെതായി പുറത്തുവന്ന വീഡിയോയില്‍ കശ്മീര്‍, ബലൂചിസ്ഥാന്‍ പ്രശ്‌നത്തില്‍ ഇടപെട്ടതുകൊണ്ടാണ് അറസ്റ്റെന്ന് പറയുന്നു. ട്രംപും മോദിയുമായുള്ള അടുപ്പത്തേയും വീഡിയോയില്‍ നിശിതമായി വിമര്‍ശിക്കുന്നു. മോദിയുമായി സൗഹൃദം സ്ഥാപിക്കാന്‍ തന്റെ അറസ്റ്റിന് വേണ്ടി ട്രംപ് പാക്ക് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് സയീദിന്റെ ആരോപണം.
പറയുന്നു. 2014ലാണ് ജമാഅത്തുദ്ദവയെ ഭീകരസംഘടനയായി യുഎസ് പ്രഖ്യാപിച്ചത്.
















